സ്വദേശിവത്കരണം: സൌദിയില്‍ ഏഴോളം മലയാളികള്‍ കസ്റ്റഡിയില്‍

റിയാദ്| WEBDUNIA|
PRO
PRO
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സൌദിയില്‍ നടക്കുന്ന വ്യാപക തെരച്ചിലില്‍ ഏഴോളം മലയാളികള്‍ പിടിയിലായതായി വിവരം. മൊത്തം 20 പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ദമാമിലെ ഗസാസില്‍ വിസ നിയമം ലംഘിച്ച് ജോലിയില്‍ തുടര്‍ന്നവരാണ് പിടിയിലായത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിദേശികള്‍ ഭീതിയിലായിരിക്കുകയാണ്.

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിതാഖത്ത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ അബ്ദുള്ള രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷവും ദമാം മേഖലയില്‍ റെയ്ഡ് തുടര്‍ന്നു എന്നാണ് വിവരം. ഇതെ തുടര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയിലായത്.

നിതാഖത്ത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ച തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് പരിഹാരിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നതെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെടുകയും ചെയ്തു. ഈ കാലയളവില്‍ സൌദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടികളും മറ്റും കൂടാതെ തിരിച്ചെത്താനുള്ള സൌകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :