സ്കൂള്‍ വിദ്യാര്‍ഥിനിയെ പിടിച്ചു കൊണ്ടുപോയി നാടുകടത്തി; വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി
പാരിസ്|
WEBDUNIA|
PRO
സ്കൂള്‍ വിദ്യാര്‍ഥിനിയെ മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് പിടിച്ചുകൊണ്ടുപോവുകയും നാടുകടത്തുകയും ചെയ്ത ഫ്രഞ്ച് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പാരിസില്‍ പ്രകടനം നടത്തി.
വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിലേക്ക് നടന്ന മാര്‍ച്ച് വഴിക്കുവെച്ച് പൊലീസ് തടഞ്ഞു.
കൊസോവോയില്‍നിന്ന് അഞ്ചുവര്‍ഷം മുമ്പ് ഫ്രാന്‍സിലേക്ക് കുടിയേറിയ കുടുംബത്തിലെ ലെനാര്‍ദ ദിബ്രാനി എന്ന 15 കാരിയെയാണ് പൊലീസ് നാടുകടത്തിയത്.
സ്കൂളിലെ മറ്റു കുട്ടികളോടൊപ്പം ബസില്‍ സഞ്ചരിക്കവെ ബസ് തടഞ്ഞുനിര്‍ത്തിയ പൊലീസ് ദിബ്രാനിയെ തിരഞ്ഞുപിടിച്ച് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അന്യായമായി വല്ലതും നടന്നിട്ടുണ്ടെങ്കില്‍ കുടുംബത്തെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്‍റിനെ അറിയിക്കുകയുണ്ടായി.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി എന്ന നിലയില്‍ ദിബ്രാനിയെ നാടുകടത്തിയത് നിയമവിധേയമായാണെന്ന് ആഭ്യന്തരമന്ത്രി മാനുവല്‍ വാള്‍സ് പറഞ്ഞു. അതേസമയം, നിയമം നടപ്പാക്കിയ രീതിയെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു.