വടക്കുകിഴക്കന്‍ നൈജീരിയയില്‍ 150 ബൊക്കോഹറാം ഭീകരരെ സൈനികര്‍ വധിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഇത്രയും തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
തീവ്രവാദികളുടെ ആക്രമണത്തില്‍ 16 സൈനികരും കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ബൊക്കോഹറാം കമാന്‍ഡര്‍ അബ ഗൊറോമ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന തീവ്രവാദ സംഘടനയാണ് ബൊക്കോഹറാം. 2009 മുതല്‍ രാജ്യത്ത് ഇവര്‍ വ്യാപകമായി ആക്രമണം നടത്തിവരികയായിരുന്നു.
പാശ്ചാത്യവിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാം ഭീകരസംഘടന സ്‌കൂളുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളെ ചുട്ടുകൊല്ലുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കു കിഴക്കന്‍ ബോര്‍ണോ സ്‌റ്റേറ്റില്‍ ബൊക്കോഹറാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തി 87 പേരെ വധിച്ചിരുന്നു. സൈനിക വേഷത്തില്‍ ബെന്‍ഷെയ്ക് നഗരത്തിലെത്തിയ തീവ്രാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍ നാലുവര്‍ഷമായി നടക്കുന്ന ആഭ്യന്തര പോരാട്ടത്തിന് അന്ത്യം കാണുന്നതിന് സൈനികനടപടി സ്വീകരിക്കാന്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഉത്തരവിടുകയായിരുന്നു. സൈന്യത്തിന്റെ തിരച്ചില്‍ ശക്തമായതോടെ തീവ്രവാദികള്‍ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു.