സുരക്ഷയുടെ ഭാ‍ഗമായി പെരുമാറ്റ നിരീക്ഷണവും

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (14:43 IST)
PRO
സുരക്ഷയുടെ ഭാഗമായി വിമാനയാത്രക്കാരുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ ചെക് പോയിന്‍റുകളില്‍ തന്നെ യാത്രക്കാരുടെ പെരുമാറ്റ രീതി വിലയിരുത്താനാണ് നീക്കം. സംശയം തോന്നുന്നവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയരാക്കും.

ഡിസംബറില്‍ അമേരിക്കന്‍ യാത്രാവിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശിയുടെ പെരുമാറ്റത്തിലെ വ്യത്യാസമാണ് ഇയാളെ സംശയിക്കാന്‍ ഇടനല്‍കിയത്. സ്ഫോടനശ്രമം പരാജയപ്പെടുത്താനും ഇതാണ് സഹായകമായത്. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍റെ നിര്‍ദ്ദേശം.

ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കിവരുന്നുണ്ടെന്ന് ബ്രട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. യാത്രക്കാരായി എത്തുന്നവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഇവരെ തുടര്‍ന്നും നിരീക്ഷിക്കും. സംശയം ബലപ്പെടുകയാണെങ്കില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കും.

പ്രത്യേക ലഗ്ഗേജുകളൊന്നുമില്ലാതെ ദീര്‍ഘദൂരയാത്രയ്ക്ക് എത്തുന്ന യാത്രക്കാരെയും ബിസിനസ് ക്ലാസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരെയുമാണ് പ്രത്യേകം നിരീക്ഷിക്കുക. ബ്രിട്ടനിലെ പ്രശസ്തമായ ഹീത്രു വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റം നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

നിലവില്‍ ഹീത്രുവിമാനത്താവളത്തില്‍ മാത്രം നടപ്പിലാക്കിയിരിക്കുന്ന ഈ രീതി വിജയമെന്ന് കണ്ടാല്‍ മറ്റ് വിമാനത്താവളങ്ങളിലും നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :