സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാകിസ്ഥാന്‍

ലാഹോര്‍| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (14:42 IST)
മുംബൈ ഭീകരാക്രമണത്തിന് മുഖ്യ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് - ഉദ് - ദാവ തലവനുമായ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ആക്രമണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും പാകിസ്ഥാന്‍. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ സയീദിനെതിരെ മതിയായ തെളിവ് നല്‍കാത്ത പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് പറഞ്ഞു. ജിയോ ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം വ്യക്തമാക്കിയത്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പാക് പൌരന്‍‌മാര്‍ക്കെതിരെ നടപടി എടുക്കില്ല. സയീദിനെതിരെ പാക് സര്‍ക്കാരിന്‍റെ കയ്യില്‍ ഒരു തെളിവുമില്ല. ശക്തമായ നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ അത് തെളിവോട് കൂടിയായിരിക്കണം എന്ന് മാലിക് അഭിപ്രാ‍യപ്പെട്ടു. ഇന്ത്യാ-പാക്‌ സമ്പൂര്‍ണ ചര്‍ച്ച പുനരാരംഭിക്കുന്നതും തീവ്രവാദി ആക്രമണത്തിനെതിരായ നടപടിയും തമ്മില്‍ ബന്ധപ്പെടുത്തുന്നത്‌ ശരിയല്ലെന്ന്‌ ഇന്ത്യയും പാകിസ്ഥാനും സംയുക്ത പ്രസ്താവന നടത്തിയതിന് തൊട്ട് പിന്നാലെയാണ് മാലികിന്‍റെ അഭിപ്രായ പ്രകടനം.

മുംബൈ ആക്രമണക്കേസില്‍ ബന്ധമുള്ള ഇന്ത്യന്‍ പൌരന്‍‌മാര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യക്കാര്‍ക്കും തുല്യപങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ മുംബൈയിലേക്ക് ബോട്ട് മാര്‍ഗം പിടിക്കപ്പെടാതെ എത്തിയത് എങ്ങനെയെന്നും ബോട്ടിന് ആവശ്യമായ ഇന്ധനം ലഭിച്ചത് എവിടെ നിന്നാണെന്നും ഇന്ത്യ വ്യത്കമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന സയീദിനെ മോചിപ്പിക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സയീദിന്‍റെ മോചനം ചോദ്യം ചെയ്ത് പാക്, പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പാക് സര്‍ക്കാരുകള്‍ മതിയായ തെളിവുകള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ പിന്നീട് കേസില്‍ നിന്ന് പിന്‍‌മാറി. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തടവിലുള്ള അജ്മല്‍ കസബിന് ഉദ് - ദാവയുമായി ബന്ധമുണ്ടെന്ന ആരോപണം ഗൂഢാലോചനയാണെന്ന് കഴിഞ്ഞ ദിവസം സയീദ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :