ഷിയ-സുന്നി സംഘര്‍ഷം രൂക്ഷമാകുന്നു; സ്ഫോടനങ്ങളില്‍ 48 മരണം
ബാഗ്ദാദ്|
WEBDUNIA|
Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (10:39 IST)
PRO
ഇറാഖില്‍ സുന്നി-ഷിയ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ചയുണ്ടായ സ്ഫോടനങ്ങളില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ബാഗ്ദാദിന്റെ കിഴക്കന്‍ നഗരമായ ഹിള്ളയിലെ വ്യപാരകേന്ദ്രത്തിലുമാണ് മുഖ്യമായും സ്ഫോടനങ്ങള്‍ നടന്നത്.
ഇവിടെയുണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കുത്, സുവൈറ, ഹഫ്രിയ അസാമിയ, ബരാസ, നസ്രിയ തുടങ്ങിയ നഗരങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് രാജ്യത്ത് സുന്നി-ഷിയ ഭിന്നത രൂക്ഷമാണ്. സമീപ പ്രദേശങ്ങളായ ഇസ്കന്ദരിയയിലും കര്‍ബലയിലും കാര്‍ബോംബ് സ്ഫോടനത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.
ഏപ്രിലിന് ശേഷം സംഘര്‍ഷത്തില്‍ നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ആഗസ്തില്‍ മാത്രം 804 പേര്‍ കൊല്ലപ്പെട്ടതായും യുഎന്‍ വ്യക്തമാക്കുന്നു. ഷിയകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് സുന്നി വിഭാഗം ആരോപിക്കുന്നത്.