വിദ്യാര്‍ഥിനിയായി ആള്‍മാറാട്ടം നടത്തിയ ഇന്ത്യക്കാരി അറസ്‌റ്റില്‍

ന്യുയോര്‍ക്ക്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനി എന്ന് തെറ്റിദ്ധരിപ്പിച്ച ഇന്ത്യന്‍ വംശജയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 26കാരിയായ ബിര്‍വ പട്ടേലാണ് ആള്‍മാറാട്ടം നടത്തി യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞതിന് പൊലീസ് പിടിയിലായത്.

ബിര്‍വ പട്ടേല്‍ ജനിച്ചത് ഇന്ത്യയിലാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ഫിലാല്‍ഡല്‍ഫിയയിലാണ്. ഒന്‍പത് മാസത്തോളമായി യുവതി കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നേഹ സെന്‍ എന്ന പേരില്‍ പഠിക്കുകയും മറ്റ് പരിപാടികളിലും പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്ന ഇവരെ ആര്‍ക്കും തന്നെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. യൂണിവേഴ്സിറ്റിയില്‍ നിരവധി സൌഹൃദ ബന്ധങ്ങള്‍ സ്‌ഥാപിച്ച യുവതി പല ഓറിയന്റേഷന്‍ ക്യാമ്പുകളിലും മറ്റും പങ്കെടുത്തിരുന്നു.

ബിര്‍വയോട് ആരെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചാല്‍ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് പതിവ്. യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലില്‍ എവിടെയാണ് ബിര്‍വ താമസിച്ചിരുന്നതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്ക് അറിവില്ലായിരുന്നു. യൂണിവേഴ്സിറ്റിയെക്കുറിച്ചും പഠിക്കുന്ന കോഴ്‌സിനെക്കുറിച്ചും മറ്റ് വിദ്യാര്‍ഥികള്‍ ബിര്‍വയോട് ചോദിച്ചാല്‍ വ്യക്‍തമായ മറുപടി ലഭിച്ചിരുന്നില്ല. ഒരു ദിവസം ബിര്‍വ ഇംഗ്ലീഷ് ക്ലാസില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ പ്രൊഫസര്‍ കയറിവന്നപ്പോള്‍ ഓടി ഒളിച്ചിരുന്നു.

സംശയം ഉളവാക്കുന്ന പെരുമാറ്റങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടന ബിര്‍വയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയല്ലെന്ന് മനസിലായത്. തുടര്‍ന്ന് ബിര്‍വയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ച് കയറിയതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് യുവതിക്കെതിരെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :