മൊബൈല്‍ മെസേജിംഗ് സേവനമായ വാട്ട്‌സ്‌ആപ്പ് ഇനി ഫേസ്‌ബുക്കിലൂടെ. 19 ബില്യണ്‍ ഡോളറുകള്‍ക്കാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന് ശേഷവും സ്വതന്ത്ര സംവിധാനമായി വാട്ട്‌സ്ആപ്പിനെ നിലനിര്‍ത്താനാണ് ഫേസ്ബുക്കിന്റെ തീരുമാനം. സമീപകാലത്തായി ഫേസ്ബുക്കിനേക്കാള്‍ സ്വീകാര്യത വാട്ട്‌സ്ആപ്പിന് ലഭിച്ച സാഹചര്യത്തിലാണ് ഏറ്റെടുക്കല്‍.
വാട്ട്‌സ്ആപ്പ് ഏറ്റെടുക്കാനുള്ള തീരുമാനത്തെ വിലമതിക്കാനാകാത്തതെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്. നാല് ബില്യണ്‍ ഡോളറുകള്‍ പണമായും ബാക്കി ഫേസ്ബുക്കിന്റെ ഷെയറുകളായും ഏറ്റെടുക്കലിന്റെ ഭാഗമായി കൈമാറും. വാട്ട്‌സ്ആപ്പിനെ സ്വതന്ത്ര സംവിധാനമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് പ്രതിനിധി ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകും. ജാന്‍ കോം, ബ്രയാന്‍ ആക്ടണ്‍ എന്നിവരാണ് വാട്ട്‌സ്ആപ്പ് വികസിപ്പിച്ചത്.
ലോകത്താകെ 450 മില്യണ്‍ ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പിനുണ്ടെന്നാണ് കണക്ക്. ഇന്റെര്‍നെറ്റ് സംവിധാനമുപയോഗിച്ച് സൗജന്യമായി മെസേജുകള്‍ കൈമാറാന്‍ വാട്ട്‌സ്ആപ്പ് വഴി സാധിക്കും.