നിരാശയോടെ പ്രവാസികള്‍; ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ്!
WEBDUNIA|
PRO
PRO
ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും വിവാദച്ചുഴിയില്‍ മുങ്ങിത്താഴുന്നതിനിടെ ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ് പ്രത്യക്ഷപ്പെട്ടു. അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരാണ് ‘അയാം സോറി ഐ വോട്ടഡ് ഓഫ് എഎപി” എന്ന കമ്മ്യൂണിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ആം ആദ്മിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവാസികള്‍ നിരാശരാണ് എന്നാണ് പേജില്‍ വ്യക്തമാക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയ്ക്ക് ലക്ഷങ്ങള്‍ വാരിക്കോരി സംഭാവന നല്‍കിയവരാണ് പ്രവാസികള്‍. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിന് പാര്‍ട്ടിയ്ക്ക് വിദേശ ഇന്ത്യക്കാര്‍ നല്‍കിവരുന്ന സംഭാവനകളില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 15 വരെ വന്‍ തുകയാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് പ്രവാസികളില്‍ നിന്ന് സംഭാവനയായി ലഭിച്ചിരുന്നത്. ഒരു ദിവസം 10 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഭീമമായ തുക പാര്‍ട്ടിയ്ക്ക് നല്‍കാന്‍ ഇപ്പോള്‍ പ്രവാസികള്‍ കൂട്ടാക്കുന്നില്ല എന്ന് മെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കെജ്രിവാളും മന്ത്രിമാരും ധര്‍ണ നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി തന്നെ ധര്‍ണ നടത്തുന്നത് അരാജകത്വമല്ലേ എന്ന വിമര്‍ശനങ്ങള്‍ പലകോണുകളില്‍ നിന്നും കെജ്‌രിവാളിന് നേരെ ഉയരുകയും ചെയ്തു. മാത്രമല്ല, ഉഗാണ്ട സ്വദേശിനികള്‍ ആം ആദ്മി നിയമമന്ത്രി സോംനാഥ് ഭാരതിയ്ക്കെതിരെ പരാതി നല്‍കിയ സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഫ്രിക്കന്‍ സംഘം പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും നടത്തുന്നതായി ആരോപിച്ച് സോംനാഥ് ഭാരതിയും സംഘവും പൊലീസിനെ കൂട്ടി ഉഗാണ്ടന്‍ സ്വദേശിനികള്‍ താമസിക്കുന്ന സ്ഥലത്ത് അര്‍ധരാത്രി റെയ്ഡ് നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ആം ആദ്മി പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയ എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതും ആം ആദ്മിയെ പിന്തുണയ്ക്കുന്നവരില്‍ നിരാശ ഉളവാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയ്ക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്ന ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസ് കേരളത്തിലെ നഴ്സുമാര്‍ക്കെതിരെ നടത്തിയ വംശീയ അധിക്ഷേപം പ്രവാസി മലയാളികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.