ലിബിയ ശവപ്പറമ്പാകുന്നു; 50 മരണം!

Libya
ട്രിപ്പോളി| WEBDUNIA|
PRO
PRO
ലിബിയയിലെ തെക്കന്‍ നഗരമായ സാഭയില്‍ നടന്ന വംശീയ കലാപത്തില്‍ അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. താബു ഗോത്രവര്‍ഗക്കാരും അബു സീഫ് ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെരുവുയുദ്ധങ്ങള്‍ തുടരുകയാണ്. ട്രിപ്പോളിയിലെ കേന്ദ്ര സര്‍ക്കാരിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കല്ല് തൊട്ട് മിസ്സൈല്‍ വരെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഗോത്രങ്ങള്‍ ഏറ്റുമുട്ടുന്നത്.

അബു സീഫ് ഗോത്രത്തിലെ ഒരാളെ താബു ഗോത്രക്കാര്‍ കൊന്നതിനെ തുടര്‍ന്നാണ് കലാപം ആരംഭിച്ചത്. അനുരഞ്ജന ചര്‍ച്ചയ്ക്ക് എത്തിയ താബു ഗോത്രക്കാരെ അബു സീഫ് ഗോത്രക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചതോടെ കലാപം പടര്‍ന്നു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സാഭാ നഗരത്തിലാണ് വംശീയ കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.

അബു സീഫ് ഗോത്രക്കാരെ ഉന്മൂലനം ചെയ്ത് പുതിയൊരു രാഷ്ട്രം ഉണ്ടാക്കണം എന്നാണ് താബു ഗോത്രക്കാരുടെ ആവശ്യം. തെക്കന്‍ ലിബിയയിലെ ആദിമ നിവാസികള്‍ തങ്ങളാണെന്നും കേണല്‍ ഗദ്ദാഫി തങ്ങളെ അടിച്ചമര്‍ത്തുക ആയിരുന്നുവെന്നും താബു ഗോത്രക്കാര്‍ പറയുന്നു. കലാപം നിയന്ത്രണാതീതം ആയി തുടരുന്നതിനാല്‍, ട്രിപ്പോളിയില്‍ നിന്നു 300 സൈനികരെ കൂടി മേഖലയിലെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുമ്പാണ്, ലിബിയയിലെ എണ്ണസമ്പുഷ്ട പ്രദേശമായ കിഴക്കന്‍ ഭാഗിക സ്വയംഭരണം പ്രഖ്യാപിച്ചത്. ബെന്‍ഗാസിയില്‍നിന്നുള്ള ഗിരിവര്‍ഗ നേതാക്കളും സായുധവിമത കമാന്‍ഡര്‍മാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. സൈറനയ്ക്ക കേന്ദ്രീകരിച്ചായിരിക്കും സ്വയംഭരണം.

ഗദ്ദാഫിക്ക് ശേഷവും ലിബിയയില്‍ രാഷ്ട്രീയ അസ്ഥിരതയാണെന്നാണ് ഇത്തരം കലാപങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാരിനു രാജ്യത്തു സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം തെക്കു കിഴക്കന്‍ പ്രവിശ്യയായ അല്‍ ഖുഫ്രയിലുണ്ടായ വംശീയ കലാപത്തില്‍ ഒരു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :