ലണ്ടന്‍: മലയാളി നഴ്സുമാരെ ആക്രമിച്ചു

ലണ്ടന്‍| WEBDUNIA|
PRO
ലണ്ടന്‍ നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയതോടെ കലാപം മറ്റ് നഗരങ്ങളിലേക്ക് വ്യാപിച്ചു. ക്രോയിഡോണിലെ മേയ്‌ ഡേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്‌സുമാര്‍ കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായി. ഇവര്‍ക്ക് നേരെ കലാ‍പകാരികള്‍ കുപ്പിച്ചില്ല് എറിയുകയായിരുന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രോയിഡോണ്‍, ലീഡ്സ്, മാഞ്ചസ്റ്റര്‍, ബര്‍മ്മിംഗ്‌ഹാം എന്നിവിടങ്ങളില്‍ കലാപകാരികള്‍ സംഘമായി ആക്രമണം നടത്തുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതുവരെ ഏഴ് മലയാളികള്‍ ആക്രമണത്തിനിരയായി. വര്‍ക്കല സ്വദേശിയായ ജോഷി എന്നയാളുടെ വീട് അക്രമികള്‍ കത്തിച്ചു.

ക്രോയിഡോണിലും ഈസ്‌റ്റ് ഹാമിലുള്ള മലയാളികളില്‍ ഭൂരിഭാഗവും വീടുപേക്ഷിച്ച്‌ പലായനം ചെയ്യുകയാണ്. ക്രോയിഡോണിലെ വിബി സ്‌റ്റോര്‍ ഉടമ ബിനു, മെഴ്‌സിസൈഡ്‌ ജോര്‍ജില്‍ ജീവനക്കാരന്‍ ഉണ്ണി, തിരുവല്ല ഓടയ്‌ക്കല്‍പറമ്പില്‍ ബിനു മാത്യു, കൊല്ലം കുണ്ടറ നല്ലില മാവിളവില്ലയില്‍ അനീഷ്‌ ജോണ്‍, കൊല്ലം മുഖത്തല ഇറക്കത്തില്‍ കിം ജേക്കബ്‌ എന്നിവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

സാല്‍ഫഡ്, ലിവര്‍പൂള്‍, വോള്‍വര്‍ഹാംറ്റണ്‍, നോട്ടിംഗ്‌ഹാം, ലെസ്റ്റര്‍ എന്നിവിടങ്ങളിലും കലാപകാരികള്‍ കൊള്ളയും കൊള്ളിവയ്പും നടത്തി. ബര്‍മിംഗ്‌ഹാമില്‍ മൂന്ന് ഏഷ്യന്‍ വംശജരെ അക്രമികള്‍ കാറിടിച്ചു കൊന്നു.

ബ്രിട്ടണില്‍ കലാപത്തിന്റെ സംസ്കാരം വളരാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തെ ഫലപ്രദമായി അമര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :