മോസ്കോ|
WEBDUNIA|
Last Modified വെള്ളി, 2 ഏപ്രില്‍ 2010 (15:48 IST)
PRO
റഷ്യയിലെ ഭൂഗര്‍ഭപാതയിലെ രണ്ട് മെട്രോ സ്റ്റേഷനുകളില്‍ സ്ഫോടനം നടത്തിയ ഒരു ചാവേറിനെ അന്വേഷണോദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായി സൂചന. ഒരു റഷ്യന്‍ ദിനപ്പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്ന ഒരാളുടെ വിധവയാണിതെന്നാണ് റിപ്പോര്‍ട്ട്.
ഷെന്നെറ്റ് അബ്ദുറഖ്മാനോവ എന്ന പതിനേഴുകാരിയാണ് സ്ഫോടനം നടത്തിയതെന്നാണ് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഭര്‍ത്താവുമൊത്ത് പിസ്റ്റളുമായി നില്‍ക്കുന്ന ചിത്രമാണ് പത്രം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം വിഘടനപ്രവര്‍ത്തന മേഖലകളില്‍ സൈന്യം നടത്തിയ പ്രത്യേക ദൌത്യത്തിനിടെയാണ് ഇവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്.
ഇന്‍റര്‍നെറ്റുവഴിയാണ് ഇവര്‍ തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതെന്നും ഇതിന് ശേഷമാണ് തീവ്രവാദബന്ധമുണ്ടായിരുന്ന ഉമാലത് മഗോമെദോവിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആദ്യസ്ഫോടനമാണ് ഷെന്നറ്റ് നടത്തിയതെന്നാണ് വിവരം.
ഈ ദശാബ്ദത്തിന്‍റെ തുടക്കത്തില്‍ റഷ്യയില്‍ സൈനിക നടപടിയിലൂടെ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ ഭാര്യമാരോ മറ്റ് ബന്ധുക്കളായ സ്ത്രീകളോ ഇങ്ങനെ ചാവേറുകളായി എത്തി സ്ഫോടനം നടത്താറുണ്ടയിരുന്നു. കറുത്ത വിധവകള്‍ (ബ്ലാക്ക് വിഡോസ്)എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. മെട്രോ സ്റ്റേഷനിലുണ്ടായ സംഭവവും ഇതിനോട് സമാനമാണെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.