ഹെയ്തി ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 11 ദിവസം കുടുങ്ങിപ്പോയ യുവാവിന് തുണയായത് കൊക്കക്കോളയും സ്നാക്സും. ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് 25കാരനായ വിസ്മണ്ട് എക്സാന്‍റസ് തന്‍റെ അതിജീവനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇപ്പോള്‍ എല്ലാം ശരിയായി എന്നാണ് ആരോഗ്യ സ്ഥിതിയെ കുറിച്ച് വിസ്മണ്ട് പ്രതികരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച കൊക്കക്കോളയും ലഘുഭക്ഷണങ്ങളുമാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്യുന്ന കെട്ടിടത്തിലാണ് ഭൂകമ്പത്തെ തുടര്‍ന്ന് വിസ്മണ്ട് കുടുങ്ങിപ്പോയത്.
ഭൂകമ്പത്തെ തുടന്ന് തനിക്ക് ബോധക്ഷയമുണ്ടായതായും ഉണര്‍ന്ന ശേഷം സഹപ്രവര്‍ത്തകനെ ഉച്ചത്തില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒച്ചവയ്ക്കാതെ പതുക്കെ പ്രാര്‍ത്ഥിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. വിസ്മണ്ടിനെ തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ പറഞ്ഞു.