യാങ്കൂണ്‍ |
WEBDUNIA|
Last Modified ബുധന്‍, 29 മെയ് 2013 (20:49 IST)
PRO
PRO
മ്യാന്‍മറില്‍ വീണ്ടും വംശീയ സംഘര്‍ഷം. മ്യാന്‍മറിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ശാന്‍ പ്രവിശ്യയിലെ ലാഷിയോയില്‍ ഒരു സംഘം ബുദ്ധമതവിശ്വാസികള്‍ മുസ്ലീം പള്ളിയും മുസ്ലിംകള്‍ നടത്തുന്ന അനാഥാലയവും അഗ്നിക്കിരയാക്കി. സമീപമുള്ള വീടുകള്‍ക്കും തീവെച്ചതായി പൊലീസ് വക്താവ് പറഞ്ഞു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രശ്നസാധ്യത മുന്‍നിര്‍ത്തി പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി സംഘത്തെ തടയുന്നതിന് അഗ്നിശമന സേനയടക്കം അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികളൊന്നും ഉണ്ടായില്ളെന്ന് ആരോപണമുയര്‍ന്നതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലീംങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങള്‍ മ്യാന്‍മറില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. രാജ്യത്ത് ഈ വര്‍ഷമുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഏപ്രില്‍ 30നുണ്ടായ ആക്രമണത്തില്‍ ഒരു മുസ്ലിം കൊല്ലപ്പെട്ടുകയും പള്ളിയും 77 വീടുകളും തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ മെക്തിലയിലുണ്ടായ ആക്രമണങ്ങളില്‍ 44 ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. 2012 ജൂണില്‍ രാഖിന്‍ ജില്ലയിലുണ്ടായ കലാപത്തില്‍ 180 പേര്‍ കൊല്ലപ്പെടുകയും 110,000 ആളുകള്‍ ഭവന രഹിതരാവുകയും ചെയ്തതായാണ് കണക്ക്.