മലേഷ്യന്‍ വിമാനത്തിന്റെ 122 അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

ക്വാലാലംപൂര്‍​​​​| WEBDUNIA|
PRO
PRO
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. മാര്‍ച്ച് 23ന് എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന 122 അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി അറിയിച്ചു. കട്ടിയുള്ള ലോഹ വസ്തുക്കളാണ് ഫ്രഞ്ച് എയര്‍ബെസ് സാറ്റലൈറ്റ് എടുത്ത ചിത്രങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു.

മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോകവെ കാണാതായ എംഎച്ച്370 എന്ന മലേഷ്യന്‍ വിമാനം തകര്‍ന്നുവീണെന്ന് മലേഷ്യന്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിമാന യാത്രികര്‍ എല്ലാവരും മരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. യുകെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രിട്ടീഷ് സാറ്റലൈറ്റ് കമ്പനിയായ ഇന്‍മാര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 16 ദിവസത്തെ തെരച്ചിലിന് ശേഷമായിരുന്നു് വിമാനം തകര്‍ന്നുവീണെന്ന് മലേഷ്യ സ്ഥിരീകരിച്ചത്. ബീജിംഗിലേക്ക് പോയ വിമാനം എതിര്‍ദിശയിലേക്ക് തിരിഞ്ഞതിന് മലേഷ്യ വിശദീകരണം നല്‍കിയിരുന്നില്ല.

അതിനിടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശമയച്ച മലേഷ്യന്‍ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായി. ബീജിംഗിലെ മലേഷ്യന്‍ എംബസിക്കു മുന്നില്‍ ചൈനീസ് യാത്രികരുടെ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. വിമാനം തകര്‍ന്നെന്ന് സ്ഥിരീകരിച്ച ഉപഗ്രഹങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ മലേഷ്യയോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോകവെയാണ് എംഎച്ച്370 എന്ന മലേഷ്യന്‍ വിമാനം കാണാതായത്. വിമാനം റാഞ്ചിയതാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ മലേഷ്യ. പറന്നുയര്‍ന്ന് 40 മിനിറ്റിനു ശേഷം വിമാനത്തിലെ വാര്‍ത്താവിനിമയ ബന്ധം ബോധപൂര്‍വ്വം വേര്‍പെടുത്തുകയും തുടര്‍ന്ന് എതിര്‍ദിശയില്‍ എട്ടു മണിക്കൂറോളം വിമാനം പറക്കുകയും ചെയ്‌തെന്നാണു നിഗമനം. വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്‌ട്രേലിയ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :