ബോസ്‌റ്റണ്‍ സ്ഫോടനം: പ്രധാനപ്രതിയെ സഹോദരന്‍ കൊലപ്പെടുത്തി?

വാഷിംഗ്ടണ്‍| WEBDUNIA|
PTI
PTI
ബോസ്‌റ്റണ്‍ മാരത്തോണ്‍ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളായ ചെച്നിയന്‍ സഹോദരന്മാരില്‍ മൂത്തയാളെ ഇളയ സഹോദരന്‍ കൊലപ്പെടുത്തിയതാകാമെന്ന് സൂചനകള്‍. മൂത്ത സഹോദരനും പ്രധാനപ്രതിയുമായ തമര്‍ലാന്‍ സര്‍നേവ്‌(26) പൊലീസ് നടപടിയ്ക്കിടെ ഗുരുതരമായി പരുക്കേറ്റാണ് മരിച്ചത്. ഇളയ സഹോദരനും കൂട്ടുപ്രതിയുമായ സൊഖര്‍ സര്‍നേവ്‌ (19) രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌യുവി ദേഹത്ത് കൂടി കയറ്റി ഇയാളെ കൊലപ്പെടുത്തിയതാവാം എന്നാണ് വാട്ടര്‍ടൌണ്‍ പൊലീസ് മേധാവി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തമര്‍ലാന്റെ ഓട്ടോപ്സി റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ഇയാളാണ് സ്ഫോടനത്തിന്റെ സൂത്രധാരന്‍ എന്നാണ് സംശയിക്കുന്നത്. 23 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സഹോദരന്‍ സോഖറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ബോസ്റ്റണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പിടിയിലാകുമെന്ന് ഉറപ്പായതോടെ സോഖര്‍ വായില്‍ തോക്ക് വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തൊണ്ടയില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.

ബോസ്റ്റണ്‍ സ്‌ഫോടനത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും 600ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :