പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി ബംഗ്ലാദേശ് മന്ത്രിസഭ രാജിവച്ചു. സര്‍വകക്ഷി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് രാജി.
തിങ്കളാഴ്ചത്തെ പതിവ് മന്ത്രിസഭായോഗത്തിനെത്തിയ മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് കൈമാറിയെന്ന് മാധ്യമ സെക്രട്ടറി അബുള്‍ കലാം ആസാദ് പറഞ്ഞു. പ്രധാനമന്ത്രി രാജി അംഗീകരിക്കാത്ത മന്ത്രിമാര്‍ സ്ഥാനത്ത് തുടരുമെന്ന് ക്യാബിനറ്റ് സെക്രട്ടറി മുഷറഫ് ഹുസൈന്‍ ഭുയാന്‍ അറിയിച്ചു.
എന്നാല്‍, രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത സ്വതന്ത്രസര്‍ക്കാരിനെ ഇടക്കാലഭരണം ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യ പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പ്രതിഷേധം തുടരുകയാണ്.
പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിഎന്‍പിയും 17 സഖ്യകക്ഷികളും തെരുവിലിറങ്ങിയിരിക്കുന്നത്. ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള വലതുപക്ഷ-മതാധിഷ്ഠിത പാര്‍ടികള്‍ 84 മണിക്കൂര്‍ ദേശീയബന്ദിന് ആഹ്വാനംചെയ്തിരിക്കുകയാണ്.