പുടിന്‍റെ കാമുകിയും കുഞ്ഞും അപ്രത്യക്ഷരായി

മോസ്കോ| WEBDUNIA|
PRO
റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍റെ കാമുകിയും കുഞ്ഞും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. പുടിന്‍റെ കാമുകിയും മുന്‍ ജിം‌നാസ്റ്റിക് ചാമ്പ്യനുമായ അലീന കബയേവയാണ് പുടിന്‍റേതെന്ന് ആരോപിക്കപ്പെടുന്ന കുഞ്ഞുമായി അജ്ഞാതകേന്ദ്രത്തിലേക്ക് മുങ്ങിയത്.

അലീനയുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിച്ചതായാണ് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച മറുപടി. പുടിനുമായി ബന്ധപ്പെട്ട് വിവാദത്തിലായതില്‍ പിന്നെ ഏറെ അടുപ്പമുള്ള ചുരുക്കം ചിലരുമായി മാത്രമേ അലീന സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുള്ളു. എന്നാല്‍ അടുപ്പമുള്ളവരും അലീനയെക്കുറിച്ച് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുകയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2006 ല്‍ ജിംനാസ്റ്റിക് കരിയറില്‍ നിന്നു വിരമിച്ച ശേഷമാണ് അലീനയുമായി പുടിന്‍ പ്രണയം തുടങ്ങിയത്. മാധ്യമങ്ങളില്‍ ഇക്കാര്യം സ്ഥിരം ചര്‍ച്ചയ്ക്കിടയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പുടിന്‍റേതെന്ന് ആരോപിക്കപ്പെടുന്ന കുഞ്ഞിന് അലീന ജന്‍‌മം നല്‍കിയത്.

ഭാര്യ ലൂദ്മിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പുടിന്‍ ആലോചിക്കുന്നതായി ഒരു റഷ്യന്‍ വെബ്സൈറ്റ് അടുത്ത സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ബന്ധത്തില്‍ പുടിന് രണ്ട് മക്കളുണ്ട്. അമ്പത്തിയേഴുകാരനായ പുടിനെക്കാള്‍ മുപ്പത് വയസ് ഇളപ്പമാണ് കാമുകിയായ അലീന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :