പാക് താലിബാന്‍ മേധാവിയുടെ വധം: അമേരിക്ക-പാകിസ്ഥാന്‍ ബന്ധം വഷളാകുന്നു

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാക് താലിബാന്‍ മേധാവിയുടെ ഹക്കിമുല്ല മെഹ്‌സൂദിന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്ക-പാകിസ്ഥാന്‍ ബന്ധം വഷളാകുന്നു. അമേരിക്കയുടെ ഡ്രോണ്‍ അക്രമണം താലിബാനുമായുളള സമാധാന ചര്‍ച്ചകളെ തകിടം മറിച്ചതായും അതിനാല്‍ തന്നെ വാഷിങ്ടണുമായുള്ള എല്ലാ ബന്ധങ്ങളും പുനപരിശോധിക്കുകയാണെന്നും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചു.

ഹക്കിമുല്ല മെഹ്‌സൂദിന്റെ വധം ഒരു വ്യക്തിയുടെ മാത്രം അവസാനമല്ല പാകിസ്ഥാന്റെ സമാധാന ശ്രമങ്ങളുടെ മുഴുവന്‍ അന്ത്യമാണെന്നും പാക് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുമെന്നും ചൗധരി ഖാന്‍ പറഞ്ഞു.

അമേരിക്കയുമായി ബന്ധം പുനപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയസുരക്ഷ സംബന്ധിച്ച കാബിനറ്റ് സമിതി രണ്ടോ മൂന്നോ ദിവസത്തിനകം ചേരും. ഹക്കിമുല്ല മെഹ്‌സൂദ് അടക്കമുള്ള താലിബാന്‍ നേതാക്കളുമായി സമാധാന ചര്‍ച്ചയ്ക്ക് പാക് സംഘം വസീറിസ്ഥാനില്‍ എത്താനിരിക്കെയാണ് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം താലിബാനും പാകിസ്താനുമായുളള ചര്‍ച്ച പാകിസ്താന്റെ അഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. തിവ്രവാദത്തിനെതിരെ യോജിച്ചു പോരാടുക എന്നതാണ് അമേരിക്കയുടെ നിലപാടെന്നും പാകിസ്ഥാന്റെ വിമര്‍ശനത്തിന് മറുപടിയായി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :