പാകിസ്ഥാനില്‍ 200 കുട്ടിപ്പോരാളികളെ രക്ഷപ്പെടുത്തി

ഇസ്‌ലാമബാദ്| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (10:22 IST)
പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ ക്യാമ്പില്‍ നിന്ന് 200 ആണ്‍കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. ചാവേര്‍ സ്ഫോടനം നടത്താന്‍ പരിശീലനത്തിലായിരുന്ന കുട്ടികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ആറ് വയസുവരെയുള്ള കുട്ടികള്‍ വരെ ക്യാം‌പിലുണ്ട്.

സ്വാതിലെ മാര്‍ദാനിലാണ് ക്യാം‌പ് പ്രവര്‍ത്തിച്ചിരുന്നത്. മനസിക സമ്മര്‍ദ്ദത്തിലായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും. ആറിനും 13 വയസിനുമിടയിലുള്ളവരാണ് കുട്ടികളെന്ന് വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യാമന്ത്രി ബാഷിര്‍ ബിലോര്‍ പറഞ്ഞു.

ഏതാനും കുട്ടികള്‍ തങ്ങളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ചാവേറാക്രമണത്തിന് തയ്യാറായിക്കഴിഞ്ഞവരും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മിംഗോറ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഹമീദ് പറഞ്ഞു. കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് സൌജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയിടെയായി താലിബാന്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്. കുട്ടികളെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ എളുപ്പമാണെന്നതാണ് താലിബാനെ ഇതിന് പ്രേരിപ്പിക്കുന്നത്. പാക് സൈന്യം തങ്ങളുടെ ശത്രുക്കളാണെന്നും അവര്‍ ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പിടിയിലായവരില്‍ ഏതാനും കുട്ടികള്‍ പറഞ്ഞതായി സൈന്യം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :