പലസ്തീന് ഗൂഗിളിന്റെ അംഗീകാരം. പലസ്തീനു കീഴിലുള്ള സ്വയംഭരണ പ്രദേശങ്ങള്‍ (പലസ്തീന്‍ ടെറിട്ടറീസ്) എന്നത് പലസ്തീന്‍ എന്ന് ഗൂഗിള്‍ തിരുത്തി. അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്ന് മുതലാണ് ഗൂഗിള്‍ പലസ്തീന് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഗൂഗിള്‍ ലോഗോയ്ക്ക് കീഴിലുള്ള ഭാഗത്ത് പലസ്തീന്‍ എന്ന് അറബിയിലും ഇംഗ്ലീഷിലുമാണ് എഴുതിയിട്ടുള്ളത്. ഗൂഗിള്‍ പിഎസ് എന്നതാണ് ഗൂഗിളിന്റെ പലസ്തീന്‍ വേര്‍ഷന്റെ പേര്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുസലേം എന്നീ പ്രദേശങ്ങള്‍ പലസ്തീന്റെ ഭാഗമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കേയാണ് ഗൂഗിളിന്റെ നടപടി.
കഴിഞ്ഞ നവംബറില്‍ പലസ്തീന് അംഗത്വമില്ലാത്ത നിരീക്ഷക പദവി യുഎന്‍ നല്‍കിയിരുന്നു. ഇതിനെതിരെ അമേരിക്കയും ഇസ്രായേലും ശക്തമായ എതിര്‍പ്പാണ് യുഎന്‍ അസംബ്ലിയിലും പുറത്തും ഉയര്‍ത്തിയത്. നേരത്തെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്(പിഎല്‍ഒ) സ്ഥിര നിരീക്ഷക പദവിയാണ് ഉണ്ടായിരുന്നത്.
ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം അംഗമാകാനുള്ള പലസ്തീന്റെ ശ്രമം 2011ല്‍ പരാജയപ്പെട്ടിരുന്നു. യുഎന്‍ സുരക്ഷാ സമിതിയില്‍ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് 2011ല്‍ പലസ്തീന്റെ ശ്രമം പരാജയപ്പെട്ടത്.