നേപ്പാള്‍ ഭൂകമ്പം: മരണം 6000 കവിയും; 2500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കാഠ്‌മണ്ഡു| JOYS JOY| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:11 IST)
ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ 3700 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, മരണം 6000 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

അതേസമയം, ഭൂകമ്പത്തില്‍ നേപ്പാളില്‍ കുടുങ്ങിപ്പോയ 2500 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. കാലാവസ്ഥ മോശമായതിനാല്‍ നേപ്പാളില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല എന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

ഭൂകമ്പത്തില്‍ പരുക്കേറ്റ് നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ ഡോ. അബിന്‍ സൂരിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നേപ്പാളില്‍ നിന്ന് ഇനി ഇന്ത്യയിലെത്തുന്ന ആദ്യ വിമാനത്തില്‍ തന്നെ അബിന്‍ സൂരിയെ ഡല്‍ഹിയില്‍ എത്തിക്കും. അടിയന്തിര ചികിത്സ ആവശ്യമുള്ള അബിന്‍ സൂരിയെ എയിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കും.

ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ ഗതാഗത - വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്.
ഇന്ത്യയെ കൂടാതെ കൂടുതല്‍ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമായി നേപ്പാളില്‍ സജീവമായിട്ടുണ്ട്. ഭക്‌ഷ്യക്ഷാമം നേപ്പാളില്‍ അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :