കാഠ്മണ്ഡു|
JOYS JOY|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:43 IST)
ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍
ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനം പബ്ലിസിറ്റിക്കു വേണ്ടിയെന്ന് ആരോപണം. നേപ്പാളി പത്രപ്രവര്‍ത്തകനായ ദമാകാന്ത് ജയ്‌ഷി ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രമുഖ നേപ്പാളി പത്രപ്രവര്‍ത്തകനായ ഇദ്ദേഹം ‘ദ് ഹിന്ദു’ വിന്റെ നേപ്പാള്‍ പ്രത്യേക ലേഖകന്‍ ആണ്.
നേപ്പാള്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദമാകാന്ത് ഈ ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുകയാണെന്ന് നേപ്പാള്‍ സൈന്യം പറഞ്ഞതായതാണ് ദമാകാന്തിന്റെ
ട്വീറ്റ്.
നാല് ഹെലികോപ്‌ടറുകള്‍ ഉപയോഗിച്ച് നേപ്പാള്‍ സൈന്യം 656 പേരെ രക്ഷപ്പെടുത്തിയപ്പോള്‍ മൂന്നു ഹെലികോപ്‌ടറുകള്‍ ഉപയോഗിച്ച് 118 പേരെയാണ് ഇന്ത്യന്‍ സൈന്യം രക്ഷിച്ചതെന്ന് പറയുന്ന ദമാകാന്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനത്തെ ഉയര്‍ത്തി കാണിക്കുകയാണെന്നും പറഞ്ഞു.
ഭൂകമ്പം ബാധിച്ച നേപ്പാളിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഹൈപ്പ് ആണെന്നും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും നേപ്പാള്‍ സൈന്യം നേപ്പാളിലെ പത്രങ്ങളായ ക്രന്തിപൂര്‍, അന്നാപോസ്റ്റ് എന്നിവയെ ഉദ്ധരിച്ച് ദമാകാന്ത് ട്വീറ്റ് ചെയ്തു.
(ഫോട്ടോയ്ക്ക് കടപ്പാട് - ദമാകാന്തിന്റെ ട്വിറ്റര്‍ പേജ്)