ദുബായില്‍ ഹസാരെ മാര്‍ച്ച്; അറസ്റ്റ്

ദുബായ്| WEBDUNIA|
ഡല്‍‌ഹിയിലെ രാം‌ലീലാ മൈതാനത്ത് അഴിമതിക്കെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബായില്‍ നൂറ്റമ്പതോളം വരുന്ന് ഇന്ത്യാക്കാര്‍ പ്രകടനം നടത്തി. പൊലീസെത്തി മാര്‍ച്ച് പിരിച്ചിവിട്ടു, മാര്‍ച്ചിന് നേതൃത്വം കൊടുത്തയാളെ അറസ്റ്റുചെയ്തു.

ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാഡ്ജുകളും ദേശീയപതാകയുമേന്തി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ്‌ മാര്‍ച്ചിന് എത്തിയത്. ബീച്ചിലൂടെ മൂന്നു കിലോമീറ്റര്‍ പ്രകടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ പ്രകടനം പാതിവഴി പിന്നിട്ടപ്പോള്‍ പൊലീസ് എത്തുകയായിരുന്നു. സമാധാനപരമായ മാര്‍ച്ചാണ് ഇവര്‍ സംഘടിപ്പിച്ചത് എന്ന് പൊലീസ് വെളിപ്പെടുത്തി.

ഫേസ്‌ബുക്കിലൂടെയാണ് മാര്‍ച്ച് സംഘടിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തതെത്രെ. ഇതിന് നേതൃത്വം കൊടുത്തയാളാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളത്. ഫേസ്‌ബുക്കിലൂടെ നിയമവിരുദ്ധമായ മാര്‍ച്ചിന് ആഹ്വാനം ചെയ്യുകയും മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തതിനാണ് കേസ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ, അറസ്‌റ്റിലായ ഇന്ത്യന്‍ പൗരന്‌ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രാദേശിക നിയമങ്ങള്‍ക്ക്‌ അര്‍ഹമായ ആദരവ്‌ നല്‍കണമെന്നും അവ പാലിക്കണമെന്നും എംബസി അധികൃതര്‍ നിര്‍ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :