ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വൈസ്പ്രസിഡന്റ് ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിന് വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. സയ്യിദിനെ വധശിക്ഷയ്ക്ക് വിധിച്ച പ്രത്യേക ട്രൈബ്യൂണല്‍ വിധിക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. വിവിധ ആക്രമണങ്ങളില്‍ 42 പേര്‍ മരിച്ചു. അക്രമികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സൈനികരെയും അര്‍ദ്ധസൈനികരെയും നിയോഗിച്ചിട്ടുണ്ട്.
1971ലെ വിമോചനയുദ്ധത്തില്‍ പാകിസ്താനെ സഹായിച്ചതുള്‍പ്പെടെ എട്ട് കുറ്റങ്ങള്‍ ചുമത്തിയാണ് സയ്യീദിനെ (73) തൂക്കിക്കൊല്ലാന്‍ ട്രൈബ്യൂണല്‍ വിധിച്ചത്. ജമാഅത്ത് നേതാക്കളായ അബുല്‍കലാം ആസാദിനെ വധശിക്ഷയ്ക്കും അബ്ദുള്‍ഖാദര്‍ മൊല്ലയെ ജീവപര്യന്തം തടവിനും നേരത്തേ ശിക്ഷിച്ചിരുന്നു.
വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും തലസ്ഥാനമായ ധാക്കയിലെ ഷഹ്ബാങ് ചത്വരത്തില്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. വിമോചനയുദ്ധത്തില്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചവരെ വിചാരണ ചെയ്യാനും ശിക്ഷ നടപ്പാക്കാനുമായി 2010ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്.
ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തെ അട്ടിമറിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പാക് സൈന്യത്തിനൊപ്പം ചേര്‍ന്നെന്നാണ് ആരോപണം. കലാപം പടരുന്നതിനിടെ നേതാക്കളുമായി ഭരണകൂടം കൂടിക്കാഴ്ച നടത്താനുള്ള ആലോചനകള്‍ പൂരോഗമിക്കുന്നുണ്ട്.