ചൈനീസ് വിരുദ്ധ പ്രക്ഷോഭം: നേപ്പാളില്‍ തിബറ്റന്‍ ബുദ്ധസന്ന്യാസി തീകൊളുത്തി ആത്മഹത്യ ചെയ്തു
കാഠ്മണ്ഡു|
WEBDUNIA|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2013 (09:33 IST)
PRO
നേപ്പാളില്‍ തിബറ്റന്‍ ബുദ്ധസന്ന്യാസി തീകൊളുത്തി ആത്മഹത്യ ചെയ്തു. ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് സന്ന്യാസി തീ കൊളുത്തിയത്.
വടക്കുകിഴക്കന്‍ കാഠ്മണ്ഡുവിലെ ബുദ്ധനാഥ് സ്തൂപയിലെ സന്യാസിയായ കര്‍മ നിതോന്‍ ഗ്യാല്‍ട്‌സോയാണ് ആത്മഹത്യ ചെയ്തത്. തീകൊളുത്തിയ ബുദ്ധസന്ന്യാസിയെ സമീപത്തുണ്ടായിരുന്ന പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സന്ന്യാസി മരിക്കുകയായിരുന്നു.
നേപ്പാളില്‍ ആയിരക്കണക്കിന് തിബറ്റന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. സുഹൃദ് രാജ്യമായ ചൈനക്കെതിരായ പ്രതിഷേധങ്ങള്‍ നേപ്പാളില്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ ധര്‍മ്മശാലയിലേക്ക് തിബറ്റന്‍ സ്വദേശികള്‍ കടക്കുന്നതിന് നേപ്പാള്‍ തടസം നില്‍ക്കുന്നില്ല. തിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ ധര്‍മ്മശാലയിലാണ് കഴിയുന്നത്.
നേപ്പാളില്‍ ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് ബുദ്ധസന്ന്യാസി ആത്മഹത്യ ചെയ്യുന്നത്. ഫെബ്രുവരിയിലാണ് ചൈനീസ് വിരുദ്ധ സമരത്തിന്റെ ഭാഗമായി ആദ്യ ആത്മാഹുതി നടന്നത്. ഇതിനുശേഷം നേപ്പാളില്‍ തിബറ്റന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു.