ഗാസയില്‍ സ്കൂളുകള്‍ ആക്രമിച്ചു

ഗാസ| WEBDUNIA| Last Modified ബുധന്‍, 7 ജനുവരി 2009 (11:00 IST)
ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും രക്ഷ നേടാനായി പലസ്തീന്‍കാര്‍ അഭയം തേടിയിരുന്ന സ്കൂളുകള്‍ക്ക് നേരെ ഇസ്രായേലിന്റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ നാല്‍‌പതോളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിന് സമീപം പതിച്ച് പൊട്ടിത്തെറിച്ച ഷെല്ലുകളാണ് നാശം വിതച്ചത്.

മറ്റ് സ്കൂളുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹമാസ് അംഗങ്ങളുടെ താമസസ്ഥലത്തേക്കും സൈന്യം ആക്രമണം നടത്തി. ആക്രമണങ്ങളില്‍ ആകെ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. വെടിയൊച്ചകള്‍ക്കിടെ കുട്ടികളുമായി പായുന്ന ജനത്തെയാണ് എല്ലായിടങ്ങളിലും കാണാന്‍ കഴിയുക.

സ്കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സമാധാന ചര്‍ച്ചകളില്‍ നിന്നും ഹമാസ് പിന്‍‌മാറി. അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളോ മരുന്നുകളോ എത്തിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

ആക്രമണങ്ങള്‍ നിര്‍ത്താന്‍ സര്‍ക്കോസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള ആവശ്യം ഇസ്രായേല്‍ നിരസിച്ചു. ഹമാസിന്റെ ആയുധ സമാഹരണം തടയുന്നതിനുള്ള തീരുമാനമായെങ്കിലേ ചര്‍ച്ചകള്‍ക്കുള്ളുവെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :