സ്കൂള്‍മാറ്റത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം | M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (10:05 IST)
ഏകജാലകം വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കൂള്‍ മാറ്റത്തിന്‌ പ്രവേശനം ആഗ്രഹിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിന്‌ അപേക്ഷ നല്‍കാം.

പ്രവേശന ലിസ്റ്റ്‌ സെപ്റ്റംബര്‍ ഒന്നിന്‌ നാലുമണിയ്ക്കാണ്‌ സ്കൂള്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടത്‌. പ്രവേശനത്തിനര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന്‌ രണ്ട്‌ മണിയ്ക്കുള്ളില്‍ സ്കൂളുകളില്‍ പ്രവേശനം നേടണം. സപ്ലിമെന്‍ററി അലോട്ടുമെന്‍റിനു ശേഷം വിവിധ സ്കൂളുകളില്‍ ലഭ്യമായിട്ടുള്ള ഒഴിവുകള്‍ www.hscap.kerala.gov.in, www.itschool.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും.

ഇപ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക്‌ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരമുള്ള സ്കൂള്‍ മാറ്റം പ്രിന്‍സിപ്പല്‍മാര്‍ നല്‍കണം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ടുമെന്‍റില്‍ പരിഗണിക്കാത്തവരും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ നാലിന്‌ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കുന്ന ഒഴിവുകളിലേക്ക്‌ സെപ്തംബര്‍ നാല്‌, അഞ്ച്‌ തീയതികളില്‍ ബന്ധപ്പെട്ട നോഡല്‍ കേന്ദ്രങ്ങളില്‍ പുതിയ അപേക്ഷ നല്‍കണം.

അപേക്ഷാ ഫാറം 10 രൂപയ്ക്ക്‌ നോഡല്‍ കേന്ദ്രങ്ങളില്‍ നിന്ന്‌ വാങ്ങുകയോ വെബ്സൈറ്റില്‍ നിന്ന്‌ ഡൗണ്‍ ലോഡ്‌ ചെയ്തെടുക്കുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. സ്കൂള്‍ മാറ്റത്തിനുശേഷം സെപ്റ്റംബര്‍ നാലിനും അഞ്ചിനും മാത്രമാണ്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കേണ്ടത്‌.

അതിനു മുമ്പ്‌ യാതൊരുവിധ അപേക്ഷയും നല്‍കേണ്ടതില്ലെന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :