സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് എന്തുകാര്യം. ഗ്രേറ്റ് ബ്രിട്ടണില്‍ അഞ്ചിലൊരാള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നതാണ് സത്യം! വേള്‍ഡ് ലിറ്ററസി ഫൗണ്ടേഷന്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ ബ്രിട്ടീഷ് വിദ്യാഭ്യാസവ്യവസ്ഥ ഞെട്ടിയിരിക്കുകയാണ്.
ആകെ ജനസംഖ്യയില്‍ ഏതാണ്ട് എണ്‍പതുലക്ഷം ആളുകള്‍ ഇങ്ങനെ ബ്രിട്ടനില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് മരുന്നിന്റെ കുറിപ്പുപോലുള്ള നിസ്സാരകാര്യങ്ങള്‍ മനസ്സിലാക്കാന്‍ പോലും ഇവര്‍ക്കു കഴിവില്ലെത്രെ.
വായിക്കാനും എഴുതാനും കഴിയാത്ത ആളുകളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ വികസിത രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാമതാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇറ്റലിയും അയര്‍ലന്റുമാണ്. ബ്രിട്ടനില്‍ 21.8 ശതമാനം പേര്‍ക്ക് കാര്യക്ഷമമായി എഴുതാനോ വായിക്കാനോ അറിയില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിട്ടനു പിന്നില്‍ 20 ശതമാനവുമായി അമേരിക്ക നാലാം സ്ഥാനത്തുണ്ട്. സമ്പന്ന രാജ്യങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് വേള്‍ഡ് ലിറ്ററസി ഫൗണ്ടേഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളിലെ അവസ്ഥ ഇങ്ങിനെയാണെങ്കില്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.