ലൈംഗിക വിവാദത്തില്‍ പെട്ട ഐഎംഎഫ് മുന്‍ തലവന്‍ ഡൊമനിക് സ്ട്രോസ് കാനെ കുറിച്ച് ഹോട്ടല്‍ പരിചാരിക പരസ്യമായ വെളിപ്പെടുത്തല്‍ നടത്തുന്നു. താന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന ഉടന്‍ ഉന്‍മാദിയായ കാന്‍ ചാടിവീണ് ആക്രമിക്കുകയായിരുന്നു എന്ന് നഫീസാട്ടൊ ഡിയാലൊ (32) എന്ന പരിചാരിക ‘ന്യൂസ് വീക്ക്’ മാഗസിന്റെ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യമായാണ് ഇവര്‍ ഒരു അഭിമുഖം നല്‍കുന്നത്. ഇപ്പോള്‍ പേര് വെളിപ്പെടുത്തിയ ഇവര്‍ അടുത്ത ലക്കത്തില്‍ തന്റെ ചിത്രം പ്രസിദ്ധീകരിക്കാനും വെബ്സൈറ്റിന് അനുമതി നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ കാന്‍ താമസിച്ചിരുന്ന മുറിയിലേക്ക് കടന്നു ചെന്നപ്പോള്‍ നഗ്നനായാണ് അദ്ദേഹം മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എതിര്‍പ്പ് വകവയ്ക്കാതെ തന്നെ ബലമായി ലൈംഗികാവശ്യത്തിന് ഉപയോഗിച്ചു. പണം ഉപയോഗിച്ച് എല്ലായിടത്തും രക്ഷപെടാനാവുമെന്നാണ് കാന്‍ കരുതരുത്. അതിനാല്‍, കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ഡിയാലൊ പറയുന്നു.
ഗ്വിനിയയില്‍ നിന്നുള്ള കുടിയേറ്റക്കാരിയാണ് ഡിയാലൊ. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം മകളോടൊപ്പം 2003 - ല്‍ ആണ് ഇവര്‍ യുഎസില്‍ എത്തിയത്. ഗ്വിനിയന്‍ തലസ്ഥാനമായ കൊനാക്രിയില്‍ വച്ച് രണ്ട് സൈനികര്‍ ക്രൂരമായി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നാടുവിട്ടത്. ന്യൂയോര്‍ക്കിലെ സോഫിടെല്‍ ഹോട്ടലില്‍ 25 യുഎസ് ഡോളര്‍ ശമ്പളത്തിനാണ് ഇവര്‍ ജോലിചെയ്തിരുന്നത്.