ഇറാനിയന്‍ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയതോടെ ഇറാനിലെ തെരുവുകളില്‍ യുദ്ധം വിജയിച്ച പ്രതീതി. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ ആദ്യ വിജയം എന്ന രീതിയിലാണ് ഒസ്കാര്‍ പുരസ്കാരത്തെ ഇറാനിയന്‍ ജനത കൊണ്ടാടുന്നത്. യുദ്ധാവശ്യങ്ങള്‍ക്കായി ആണവ പരീക്ഷണം നടത്തുന്ന ഇറാനെതിരെ ഇസ്രായേല്‍ എപ്പോഴും വാളോങ്ങിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിക്കുമെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍, ഇസ്രായേല്‍ സിനിമയടക്കം നാല് സിനിമകളെ തോല്‍പ്പിച്ച് ‘എ സപ്പരേഷന്‍’ ഒസ്കാര്‍ കരസ്ഥമാക്കിയപ്പോള്‍ ഇറാനിലെ തെരുവുകള്‍ ആട്ടവും പാട്ടുമായാണ് ജനത ഈ വിജയം കൊണ്ടാടുന്നത്.
അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഈ ചിത്രം ആധുനിക ഇറാനിലെ ദമ്പതികളുടെ ജീവിതകഥയാണ്. വിവാഹമോചനത്തിന്റെ വക്കിലായ നാദിര്‍-സിമിന്‍ ദമ്പതികളുടെ ജീവിതം പശ്ചാത്തലമാക്കി പരമ്പരാഗത ഇറാനിയന്‍ ജീവിതരീതികള്‍, നീതിവ്യവസ്ഥ, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവ ഈ സിനിമ അവതരിപ്പിക്കുന്നു. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവനു ശേഷം 12 വര്‍ഷം കഴിഞ്ഞ് ഓസ്കര്‍ നോമിനേഷന്‍ നേടിയെത്തിയ എ സെപറേഷന്‍ അവാര്‍ഡ് നേടുമോ എന്ന് ചലച്ചിത്രനിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു.
ഇതാദ്യമായാണ് ഒരു ഇറാനിയന്‍ ചിത്രത്തിന് ഓസ്കര്‍ പുരസ്കാരം ലഭിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യ ഇറാനിയന്‍ സിനിമ, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍, മികച്ച നടനും നടിക്കുമുള്ള സില്‍വര്‍ ബെയര്‍ പുരസ്കാരങ്ങള്‍, ബാഫ്ത പുരസ്കാരത്തിന് ആദ്യമായി നിര്‍ദേശിക്കപ്പെട്ട ഇറാനിയന്‍ ചിത്രം എന്നിങ്ങനെ നിരവധി ബഹുമതികളാണ് ഇതിനകം എ സപ്പരേഷന്‍ കരസ്ഥമാക്കിയിരിക്കുന്നത്.
സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദി മലയാളികള്‍ക്ക് അന്യനല്ല. 2009ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫര്‍ഹദി സംവിധാനം ചെയ്ത ‘എബൗട്ട് എല്ലി’ എന്ന ചിത്രത്തിനായിരുന്നു. എ സെപ്പരേഷനും തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം മേളയില്‍ എത്തിയ ചലച്ചിത്ര പ്രേമികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.