ഈജിപ്തില്‍ സുരക്ഷാ ആസ്ഥാനമന്ദിരങ്ങള്‍ക്ക് സമീപം ബോംബ് സ്ഫോടനം; 5 മരണം
കെയ്‌റോ|
WEBDUNIA|
PRO
ഈജിപ്തില്‍ തലസ്ഥാനമായ കെയ്‌റോയിലെ സുരക്ഷാ ആസ്ഥാനമന്ദിരമുള്‍പ്പെടെ മൂന്നിടങ്ങളില്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ മൂന്ന് പൊലീസുകാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് മധ്യ കയ്‌റോയില്‍ പോലീസ് ആസ്ഥാനമന്ദിരത്തിന് സമീപം കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. നാലുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ കാര്യാലയത്തിന്റെ പ്രവേശനകവാടം സ്‌ഫോടനത്തില്‍ തകര്‍ന്നു. വെടിവെപ്പുമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്കകം ദോക്കി, ഗിസ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ദോക്കിയില്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട പോലീസ് വാഹനങ്ങള്‍ ലക്ഷ്യമിട്ടും ഗിസയില്‍ പോലീസ് സ്റ്റേഷന് സമീപവുമായിരുന്നു സ്‌ഫോടനമുണ്ടായത്.
സുരക്ഷാ കാര്യാലയത്തിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയായ അന്‍സര്‍ ബെയ്ത് അല്‍ മക്ദിസ് ഏറ്റെടുത്തു. മുപ്പതുവര്‍ഷത്തെ ഹുസ്‌നി മുബാറക് ഭരണത്തിന് അന്ത്യംകുറിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ മൂന്നാം വാര്‍ഷികത്തലേന്നാണ് കയ്‌റോയെ നടുക്കിയ സ്‌ഫോടനപരമ്പര.