തുര്‍ക്കി പ്രതിനിധിയോട് മോശമായി പെരുമാറിയതിന് ഇസ്രായേല്‍ മാപ്പു പറഞ്ഞു. തങ്ങളുടെ മാപ്പപേക്ഷയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇസ്രയേല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ആ രാജ്യത്തു നിന്ന് തങ്ങളുടെ സ്ഥാനപതിയെ പിന്‍വലിക്കുമെന്ന് തുര്‍ക്കി ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേലി ഏജന്‍റുമാര്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഒരു തുര്‍ക്കിഷ് ടിവി ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തുര്‍ക്കി സ്ഥാനപതി ഒഗസ് സെലിക്കോളിനെ വിളിച്ചുവരുത്തിയിരുന്നു.
സ്ഥാനപതിയോട് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഡാനി അയലോണ്‍ മോശമായി പെരുമാറിയെന്നും തുര്‍ക്കി പതാക മേശപ്പുറത്ത് നിന്ന് നീക്കിയെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കേണ്ടിവരുമെന്ന തുര്‍ക്കി പ്രസിഡന്‍റ് അബ്ദുള്ള ഗല്ലിന്‍റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പ് പറയാന്‍ തയ്യാറായത്.
അയലോണ്‍ ഇരുന്നതിനേക്കാള്‍ താഴ്ന്ന സീറ്റിലാണ് സ്ഥാനപതി ഇരുന്നിരുന്നത്. ഈ ദൃശ്യങ്ങള്‍ ഇസ്രയേലി ടിവി ചാനലുകള്‍ ആവര്‍ത്തിച്ചു കാണിച്ചതോടെയാണ് പ്രശ്നം വിവാദമായത്. ഇരുവരും ഇരിക്കുന്ന ഫോട്ടോ, ഉയരവ്യത്യാസം അടയാളപ്പെടുത്തി “അപമാനത്തിന്‍റെ ഉയരം” എന്ന അടിക്കുറിപ്പോടെ ഒരു ഇസ്രയേല്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.
ഇസ്രയേലും തുര്‍ക്കിയും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തില്‍ പ്രധാനമന്ത്രി നേതന്യാഹു ഊന്നിപ്പറഞ്ഞു. ബന്ധം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോടും നയതന്ത്ര പ്രതിനിധികളോടും ആവശ്യപ്പെട്ടു.