മുന്‍ ഭാര്യയെയും അവരുടെ കൌമാരക്കാരിയായ മകളെയും കുത്തിക്കൊന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 37കാരനായ കുമാര്‍ രാജ് ആണ് അറസ്റ്റിലായത്. വിവാഹമോചന കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയില്‍ കലാശിച്ചത് എന്നാണ് വിവരം. നിര്‍മാണ മേഖലയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
മധ്യ ഇറ്റലിയിലെ ഫ്ലോറയില്‍ കഴിയുന്ന മുന്‍ ഭാര്യ ഫ്രാന്‍സിസ്ക ഡി ഗ്രാസിയ(56), മകള്‍ മാര്‍ട്ടിന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്.
2008ല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ഇറ്റലിയിലെത്തിയശേഷം രാജ് ഇറ്റാലിയന്‍ പൗരത്വം സ്വന്തമാക്കി. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. വിവാഹമോചനക്കരാര്‍ പ്രകാരം ഗ്രാസിയയ്ക്ക് രാജ് 8,000 യൂറോ നല്‍കാനാണ് സമ്മതിച്ചത്. എന്നാല്‍ അവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് കൊലയില്‍ കലാശിച്ചത്.
കറിക്കത്തി രാജ് ഗ്രാസിയയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. ബഹളം കേട്ട് മകള്‍ ഓടിവന്നു. രാജിനെ പെണ്‍കുട്ടി ആക്രമിച്ചു. പക്ഷേ പെണ്‍കുട്ടിയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാള്‍ സ്ഥലം വിട്ടു.
മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് ഞായറാഴ്ച തന്നെ കൊലയാളിയെ കുടുക്കി. ഇയാള്‍ കുറ്റം സമ്മതിച്ചു.