ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ക്വൊയ്ദയുടെ പ്രമുഖരായ നേതാക്കള്‍ ലൈംഗിക ജീവിതത്തിനെതിരെ പടവെട്ടിയാണ് ജിഹാദ് നടത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. അല്‍-ക്വൊയ്ദ പ്രധാനികള്‍ പുരുഷത്വം നശിപ്പിക്കാന്‍ വേണ്ടി കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ളവരാണെന്നാണ് ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്ന അല്‍-നഷിരി എന്ന ഭീകരന് ഇത്തരത്തിലുള്ള കുത്തിവയ്പ് എടുത്തിരുന്നു. സ്ത്രീകളിലേക്ക് ശ്രദ്ധ തിരിയാതെ കൂടുതല്‍ സമയം ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍-ക്വൊയ്ദ തലവന്‍ ബിന്‍ ലാദനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്ന ആളാണ് അല്‍-നഷിരി.
യുഎസ്എസ് കോള്‍ എന്ന യുഎസ് നാവികസേന കപ്പലിനു നേര്‍ക്ക് നടന്ന ആക്രമണം ആസൂത്രണം ചെയ്തത് അല്‍-നഷിരിയാണെന്നാണ് കരുതുന്നത്. 2000 - ല്‍ നടന്ന ആക്രമണത്തില്‍ 17 നാവികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കുപറ്റുകയും ചെയ്തിരുന്നു. യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ ഒരു ഡസനോളം ആക്രമണങ്ങള്‍ നഷിരി അല്‍-ക്വൊയ്ദയ്ക്ക് വേണ്ടി നടപ്പാക്കിയിട്ടുണ്ട് എന്നാണ് കരുതുന്നത്.
2002 - ല്‍ യുഎഇയില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. 2006 -ല്‍ ആണ് ഗ്വാണ്ടനാമോയിലെ തടവറയിലേക്ക് മാറ്റിയത്.