വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും അല്‍-ക്വൊയ്ദ തലവന്‍ ബിന്‍ ലാദന്റെ ഏറ്റവും പുതിയ ചിത്രമാണെന്ന് അവകാശപ്പെട്ട് എഫ്ബിഐ പുറത്തുവിട്ടത് സ്പാനീഷ് എംപി ഗാസ്പര്‍ ലാംസാറസിന്റേതെന്ന് റിപ്പോര്‍ട്ട്. തന്റെ ചിത്രം എഫ്ബിഐ എവിടെനിന്നോ കൈക്കലാക്കുകയും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഗാസ്പര്‍ ലാംസാറസ് ആരോപിക്കുന്നു.
“സംഭവം നല്ലൊരു തമാശയാണ്. എന്നാല്‍ കുറ്റമൊന്നും ചെയ്യാത്ത സാധാരണക്കാരുടെ ചിത്രം ചൂണ്ടിക്കാട്ടി ബിന്‍ ലാദന്റെ പുതിയ ചിത്രമാണെന്ന് എഫ്ബിഐ പറയുമ്പോള്‍ തമാശ അവസാനിക്കുന്നു. കാരണം കുറ്റമൊന്നും ചെയ്യാത്ത സാധാരണക്കാരുടെ സ്വകാര്യതയും സുരക്ഷയുമാണ് ഇവിടെ ഇല്ലാതാകുന്നത്. അമേരിക്ക എത്രത്തോളം അധപതിക്കാമെന്നതിന്റെ തെളിവാണിത്” - ഗാസ്പര്‍ ലാംസാറസ് പറയുന്നു.
പറഞ്ഞു. ഇതിനിടെ ഗൂഗിളില്‍ നിന്നുമാണ് ചിത്രം എടുത്തതെന്ന് എഫ്‌ബിഐ വക്താവ് സമ്മതിച്ചതായി സ്പാനീഷ് പത്രം റിപ്പോര്‍ട്ടു ചെയ്തു. ലാദനോട് സാമ്യമുള്ള ഗാസ്പര്‍ ലാംസാറസിന്റെ ചിത്രം നെറ്റില്‍ നിന്ന് എടുക്കുകയും രൂപമാറ്റം വരുത്തി ലാദന്റെ ചിത്രമാക്കുകയുമായിരുന്നുവെന്ന് എഫ്‌ബിഐ സമ്മതിച്ചുവെന്നാണ് പത്രം പറയുന്നത്. എന്തിനാണ് ഈ മണ്ടത്തരം ചെയ്തതെന്ന് എഫ്‌ബിഐ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചിത്രം പിന്‍വലിച്ചുകഴിഞ്ഞതായി എഫ്‌ബിഐ പ്രസ്താവിച്ചിട്ടുണ്ട്.
ലാദന്റെ താടിയോടു കൂടിയ ഒരു ചിത്രവും താടിയില്ലാത്ത മറ്റൊരു ചിത്രവുമാണ് എഫ്‌ബിഐ തയാറാക്കിയിട്ടുള്ളത്. ഇതില്‍ താടിയില്ലാത്ത ചിത്രത്തിനാണ് ഗാസ്പര്‍ ലാംസാറസിന്റെ ചിത്രം ഉപയോഗിച്ചത്. അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ലാദനെ പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ ലാദന്റെ താവളം പോലും കണ്ടെത്താന്‍ ആയിട്ടില്ല. പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ മല നിരകളിലെവിടെയോ ആണ് ലാദന്റെ ഒളിത്താവളം എന്നാണ് കരുതപ്പെടുന്നത്.