സിക വൈറസ് പടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്: മുൻകരുതലുമായി ഇന്ത്യ

   സിക വൈറസ് , ഡബ്ല്യൂഎച്ച്ഒ , റിയോ ഡി ജനീറോ , ഗര്‍ഭിണികള്‍
റിയോ ഡി ജനീറോ/ന്യൂഡൽഹി| jibin| Last Updated: ശനി, 30 ജനുവരി 2016 (10:32 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് യൂറോപ്പിലേക്കും എത്തിയതോടെ ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) രംഗത്തെത്തിയതോടെ മുൻകരുതലുമായി ഇന്ത്യ രംഗത്ത്. സിക്ക വൈറസ് ഇന്ത്യയിലെത്തുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാങ്കേതിക കമ്മിറ്റിയെ നിയോഗിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിവിധ ഭാഗങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന ഗർഭിണികൾക്കായി മാർഗനിർദ്ദേശങ്ങള്‍
ഇറക്കാന്‍ സാങ്കേതിക കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന ആരോഗ്യവിദഗ്ദ്ധരുടെ ഉന്നതതല അടിയന്തര യോഗം സംയുക്ത നിരീക്ഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സൂചനാബോർഡുകൾ സ്ഥാപിക്കും. മദ്ധ്യ,​ തെക്കൻ അമേരിക്കയിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽ നിന്നും വരുന്നവർ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം നേരിടുന്നുണ്ടെങ്കിൽ അപ്പോൾതന്നെ ഡോക്ടറെ അറിയിക്കണമെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം, ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കി. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. ബ്രസീലും മെക്‍സിക്കോയും സന്ദര്‍ശിച്ച ഡെന്‍‌മാര്‍ക്കു കാരനായ യുവാവിലാണ് വൈറസ് കണ്ടെത്തിയത്. ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും നെതലന്‍ഡില്‍ പത്തുപേര്‍ക്കും വൈറസ് ബാധ ഏറ്റുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

അമേരിക്കയിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഗർഭിണികളിൽ സിക വൈറസ് ബാധയെ തുടർന്ന് ബ്രസീലിൽ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയിൽ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ 2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിനമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായിട്ടാണ് വിവരം.

തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :