ഏഡൻ|
jibin|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (10:27 IST)
യമനില്‍ ഹൂതികള്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു മലയാളിയടക്കം 15 പേർ കൊല്ലപ്പെട്ടു. ഏഡന്‍ പട്ടണത്തിലെ സർക്കാരിന്റെ താൽക്കാലിക ആസ്ഥാനമായ ഖസ്‌ർ ഹോട്ടലിനു നേരെയായിരുന്നു വിമതര്‍ പ്രധാനമായും ആക്രമണം നടത്തിയത്.
യുഎഇ സൈനിക ക്യാംപ് ജീവനക്കാരനായി ഇവിടെയുണ്ടായിരുന്ന മലപ്പുറം ഒഴൂർ എരനെല്ലൂർ കെ. ഹനീഫയാണ് (51) കൊല്ലപ്പെട്ടത്. അറബ് സഖ്യസേനയിലെ 15 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അറബ് സൈനികർ തങ്ങുന്ന മറ്റൊരു കേന്ദ്രത്തിനു നേരെയും മിസൈൽ ആക്രമണമുണ്ടായി.
ഖസ്‌ർ ഹോട്ടലിനു നേരെ ആക്രമണം നടന്ന സമയത്ത് അവിടെ യമന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാഹും ഒട്ടേറെ മന്ത്രിമാരും ഹോട്ടലിൽ ഉണ്ടായിരുന്നു. കനത്ത ആക്രമണം നടന്നുവെങ്കിലും ഇവര്‍ സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നത്. സഖ്യസേനയിലെ യുഎഇ സൈനികർക്കായിരുന്നു ഇവിടെ സുരക്ഷാച്ചുമതല. കൊല്ലപ്പെട്ടവരിൽ നാലുപേർ യുഎഇ സൈനികരാണ്.
അറബ് സൈനികർ തങ്ങുന്ന മറ്റൊരു കേന്ദ്രത്തിനു നേരെയും മിസൈൽ ആക്രമണമുണ്ടായി. യമൻ തലസ്ഥാനമായ സനായിൽ പള്ളിക്കു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.