അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജൂണ്‍ 2023 (20:04 IST)
ശരിക്കും ലോകത്തിലെ ഏറ്റവും സമ്പന്നരായ രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടികൂട്ടില്‍ ഏറ്റുമുട്ടുമോ? കഴിഞ്ഞ 2 ദിവസമായി അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ സക്കര്‍ബര്‍ഗ് ഇലോണ്‍ മസ്‌ക് പോരാട്ടത്തിന്റെ പിന്നാലെയാണ്. ലോകചരിത്രത്തില്‍ ആദ്യമായി 2 സമ്പന്നര്‍ ഇടികൂട്ടില്‍ ഏറ്റുമുട്ടുന്നു എന്ന അപൂര്‍വ്വതയാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത് എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഇപ്പോഴും ഇതെല്ലാം വിശ്വസിക്കാത്തവര്‍ അനവധിയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ പരസ്പരമുള്ള പഴിചാരലും ഏറ്റുമുട്ടലുകളും ഉപേക്ഷിച്ച് പ്രശ്‌നങ്ങള്‍ തല്ലി തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ സ്‌പേസ് എക്‌സ്,ടെസ്ല,ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും വാട്ട്‌സാപ്പ്,ഇന്‍സ്റ്റഗ്രാം,ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ മേധാവിയായ സക്കര്‍ബര്‍ഗും. ഇത്തരമൊരു ഏറ്റുമുട്ടലിലേക്കെത്താന്‍ എന്താണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നം. ശരിക്കും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുമോ? ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നോക്കാം.
2016ല്‍ സ്‌പേസ് എക്‌സിന്റെ ഒരു റോക്കറ്റ് പൊട്ടിത്തെറിക്കുകയും അതില്‍ പേ ലോഡായുണ്ടായിരുന്ന ഫേയ്‌സ്ബുക്കിന്റെ സാറ്റലൈറ്റുകള്‍ നശിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സക്കര്‍ബര്‍ഗും മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ആഫ്രിക്കയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപഗ്രഹങ്ങളായിരുന്നു ഫെയ്‌സ്ബുക്കിന്റേത്. ഈ പ്രശ്‌നം പക്ഷേ അതോട് കൂടി ഒതുങ്ങിയില്ല. സമൂഹമാധ്യമങ്ങളില്‍ പല രീതികളില്‍ പരോക്ഷമായും പ്രത്യക്ഷമായും ഇരുവരും തമ്മില്‍ ഏറ്റുമുട്ടി.എ ഐ ലോകത്തെ നശിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ എ ഐയുടെ സാധ്യതകള്‍ അനന്തമാണെന്നും അത് ഉപയോഗപ്പെടുത്തണമെന്നുമുള്ള അഭിപ്രായമാണ് സക്കര്‍ബര്‍ഗിനുള്ളത്. ട്വിറ്റര്‍ കഴിഞ്ഞവര്‍ഷം ഇലോണ്‍ മസ്‌ക് വാങ്ങിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയത്.
ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിലൂടെയാണ് ഒരു മത്സരത്തിന് തയ്യാറുണ്ടോ എന്ന ചോദ്യം സക്കര്‍ബര്‍ഗിന് മുന്നിലെത്തുന്നത്. കേട്ടപാതി സ്ഥലം എവിടെയാണെന്ന് കുറിച്ചോളാനും താന്‍ അവിടെയെത്തികൊള്ളാമെന്നും സക്കര്‍ബര്‍ഗ് മറുപടി നല്‍കി. ഇതോടെയാണ് വാക്ക് തര്‍ക്കം മാത്രമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കാര്യമായത്. വൈകാതെ തന്നെ ഈ ഏറ്റുമുട്ടല്‍ നടക്കുമെന്ന് തന്നെയാണ് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 51കാരനായ ഇലോണ്‍ മസ്‌കും 39കാരനായ സക്കര്‍ബര്‍ഗും തമ്മിലുള്ള മത്സരം കായികചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മത്സരമാകുമെന്നാണ് ലോകം കരുതുന്നത്. അതിനാല്‍ തന്നെ പേ പര്‍ വ്യൂ എന്ന തരത്തിലാകും മത്സരം നടക്കുക. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൈസ വാരുന്ന പരിപാടിയായി ഇത് മാറിയേക്കും.