മതിയായ രേഖകള്‍ ഇല്ലാത്ത 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ യുഎസ്

നാടുകടത്തല്‍ പട്ടികയില്‍ ഉള്ള ഇന്ത്യക്കാരില്‍ കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്

രേണുക വേണു| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (11:24 IST)

മതിയായ രേഖകള്‍ ഇല്ലാതെ യുഎസില്‍ കഴിയുന്നവരെ നാടുകടത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് ഉടന്‍ സാക്ഷ്യം വഹിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യക്കാരടക്കം ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ പട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ടിരുന്നു.

ഐസിഇ തയ്യാറാക്കിയ പട്ടികയില്‍ 17,940 ഇന്ത്യക്കാരാണ് നാടുകടത്തല്‍ ഭീതിയില്‍ ഉള്ളത്. ഇന്ത്യയില്‍ നിന്ന് യുഎസില്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം 7,25,000 വരുമെന്നാണ് പഠനങ്ങള്‍.

നാടുകടത്തല്‍ പട്ടികയില്‍ ഉള്ള ഇന്ത്യക്കാരില്‍ കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവരെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു.

ആയിരക്കണക്കിനു ഇന്ത്യന്‍ പൗരരാണ് മതിയായ രേഖകള്‍ ഇല്ലാതെ യുഎസില്‍ താമസിക്കുന്നത്. ഐസിഇയില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസവും പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :