ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട ആണ്‍കുഞ്ഞ് മുതല്‍ 97 വയസുള്ള വനിത വരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്

Gaza Attack
രേണുക വേണു| Last Modified ശനി, 9 നവം‌ബര്‍ 2024 (08:39 IST)
Gaza Attack

ഇസ്രയേലിന്റെ നേതൃത്വത്തില്‍ ഗാസയില്‍ നടക്കുന്ന മനുഷ്യകുരുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ വ്യവസ്ഥാപിത ലംഘനമാണ് ഗാസയില്‍ നടക്കുന്നതെന്ന് യുഎന്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ 44 ശതമാനം കുട്ടികളാണെന്നാണ് കണക്ക്. ആദ്യ ആറുമാസത്തെ മരണക്കണക്കുകള്‍ വിശദമായി പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട ആണ്‍കുഞ്ഞ് മുതല്‍ 97 വയസുള്ള വനിത വരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഗാസ യുദ്ധത്തില്‍ ആകെ മരണം 43,000 കടന്നതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. കഴിഞ്ഞ 13 മാസത്തെ കണക്കുകളാണിത്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് ഗാസയില്‍ നടക്കുന്നതെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി.

' മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ഭീമമാണ്. കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ഇനിയും സമയം വേണം. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുതല്‍ 97 വയസുളള സ്ത്രീ വരെ കൊല്ലപ്പെട്ടവരിലുണ്ട്. 18 വയസോ അതില്‍ കുറവോ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ 44 ശതമാനം. അഞ്ചിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൂടുതല്‍,' യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :