രേണുക വേണു|
Last Modified ശനി, 9 നവംബര്‍ 2024 (08:10 IST)
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് യുഎസ് സര്‍ക്കാരിന്റെ തീരുമാനം. ട്രംപിനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫര്‍ഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്.
ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ സെപ്റ്റംബറില്‍ ഷാക്കേരിയോട് നിര്‍ദ്ദേശിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ഇറാന്‍സ് എലൈറ്റ് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) ആണ് ട്രംപിനെ വധിക്കാന്‍ ഫര്‍ഹാദ് ഷാക്കേരിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് നല്‍കിയ സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. IRGC സംഘടനയെ ഭീകരവാദ സംഘമായാണ് യുഎസ് സര്‍ക്കാര്‍ കാണുന്നത്.