രേണുക വേണു|
Last Modified വെള്ളി, 5 ജൂലൈ 2024 (09:34 IST)
UK Election 2024: ബ്രിട്ടനില്‍ അധികാരമാറ്റത്തിനു സാധ്യത. 14 വര്‍ഷത്തിനു ശേഷം രാജ്യത്ത് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരാനിരിക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തോല്‍വി സമ്മതിച്ചതായി എപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ജയിച്ചു. ബ്രിട്ടീഷ് ജനത നിരാശപ്പെടുത്തുന്ന വിധിയെഴുതി' ഋഷി സുനക് പ്രതികരിച്ചതായി എപി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 150 ല്‍ താഴെ സീറ്റുകള്‍ മാത്രം നേടുമെന്നാണ് ആദ്യ സൂചനകള്‍. ബ്രിട്ടനില്‍ വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെയാണ് 650 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. ഇതില്‍ 400 സീറ്റുകളെങ്കിലും നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കെയ്ര്‍ സ്റ്റാര്‍മര്‍ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.
ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം. 650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം.