അഭിറാം മനോഹർ|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (15:50 IST)
ഇന്ത്യയും ചൈനയുമടക്കം 23 രാജ്യങ്ങളെ നിരോധിത മരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയമവിരുദ്ധമായി ഇവ നിര്‍മിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന ഈ രാജ്യങ്ങള്‍ അമേരിക്കയുടെയും അവിടത്തെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോ, ഇന്ത്യ, ചൈന, ജമൈക്ക, വെനസ്വല, പനാമ തുടങ്ങിയ രാജ്യങ്ങളാണ് ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ്മ,കൊളംബിയ, വെനസ്വേല എന്നീ അഞ്ച് രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്ന് കടത്തല്‍ തടയുന്നതില്‍ പരാജയപ്പെട്ടെന്നും ഈ രാജ്യങ്ങള്‍ കഴിഞ്ഞ 12 മാസത്തിനിടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ഉടമ്പടികളോടുള്ള കടമ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും
ട്രംപ് പറഞ്ഞു.
അനധികൃത ഫെന്റനൈല്‍ ഉത്പാദനത്തിന് ഇന്ധനം നല്‍കുന്ന രാസവസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടം ചൈനയാണ്. നൈറ്റാസീന്‍, മെത്താം ഫീറ്റാമൈന്‍ എന്നിവയ്‌ക്കെല്ലാം ഇന്ധനം നല്‍കുന്ന വിതരണക്കാരും അവര്‍ തന്നെയെന്നും ട്രംപ് ആരോപിച്ചു.