കുഞ്ഞന്‍ നക്ഷത്രവും ഭീമന്‍ ഗ്രഹവും, അമ്പരപ്പില്‍ ശാസ്ത്രലോകം

VISHNU N L| Last Updated: ശനി, 2 മെയ് 2015 (17:38 IST)
സാധാരണ പ്രപഞ്ചത്തിലുള്ള ഗ്രഹ സംവിധാനത്തില്‍ നക്ഷത്രം വലുപ്പമേറിയതും ഗ്രഹങ്ങള്‍ താരത്മ്യേനെ ചെറുതുമായിരിക്കും. എന്നാല്‍ കുള്ളന്‍ നക്ഷത്രങ്ങള്‍ക്ക് ഗ്രഹ സംവിധാനം ഉണ്ടായിരിക്കുകയുമില്ല. ഇതൊക്കെയായിരുന്നു ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്രയും കാലം ധരിച്ചിരുന്നത്. എന്നാല്‍ ഈ ധാരണകളൊക്കെ അപ്പാടെ തെട്ടിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വെളിയില്‍ വന്നു. ഓസ്‌ട്രേലിയന്‍ വാനനിരീക്ഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. ഭൂമിയില്‍നിന്ന് 500 പ്രകാശവര്‍ഷമകലെ ഒരു ചെറുനക്ഷത്രത്തെ ഒരു ഭീമന്‍ ഗ്രഹം ചുറ്റുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.

HATS-6 എന്ന് പേരുള്ള എം കുള്ളന്‍ നക്ഷത്രത്തിനടുത്താണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. സൂര്യനെക്കാള്‍ വലിപ്പവും തിളക്കവും കുറഞ്ഞ 'ചുവപ്പ് കുള്ളന്‍' നക്ഷത്രങ്ങളുടെ കൂട്ടത്തിലാണ് എം കുള്ളന്‍മാര്‍ ഉള്‍പ്പെടുന്നത്.ഭീമന്‍ഗ്രഹം ചുറ്റുന്ന നക്ഷത്രത്തിന് സൂര്യന്റെ ഇരുപതിലൊന്ന് തിളക്കമേയുള്ളൂ. ഗ്രഹം ആ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ നിരീക്ഷിച്ചാണ് (സംതരണ മാര്‍ഗം വഴിയാണ്) ഗ്രഹസാന്നിധ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ എങ്ങനെയാണ് ഈ ഗ്രഹ സംവിധാനം ഉണ്ടായതെന്ന് നിലവിലെ ശാസ്ത്രീയ വിശദീകരണങ്ങള്‍ക്ക് പറയാന്‍ സാധിക്കുന്നില്ല.

സൗരയൂഥത്തിലെ വ്യാഴത്തിന്റത്ര വലിപ്പമുള്ള ഗ്രഹത്തെയാണ് ഓസ്‌ട്രേലിയന്‍ വാനനിരീക്ഷകര്‍ കണ്ടെത്തിയത്. ഇത്രയും വലിപ്പമുള്ള ഗ്രഹം എങ്ങനെയാണ് കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്നതെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് ഗ്രഹത്തിന്റെ ഭ്രമണപഥം. ബുധന്റെ ഭ്രമണപഥത്തെ അപേക്ഷിച്ച് പത്തിലൊന്ന് ദൈര്‍ഘ്യമേ, ആ വിദൂര ഗ്രഹത്തിന്റെ ഭ്രമണപഥത്തിനുള്ളൂ എന്ന് നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. 3.3 ദിവസംകൊണ്ട് അത് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നു.

ഗ്രഹം ദൂരെയെവിടെയെങ്കിലും രൂപപ്പെട്ടിട്ട് നക്ഷത്രത്തിനടുത്തേക്ക് കുടിയേറിയതാകാമെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കില്‍ കുള്ളന്‍ നക്ഷത്രത്തിന്റെ സ്വാധീനം അത്ര വലുതായിരിക്കണം. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യത ഇല്ല എന്നതാണ് ഗവേഷകരെ കുഴക്കുന്നത്. ചെറിയ റോബോട്ടിക് ടെലിസ്‌കോപ്പുകള്‍ വഴിയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പുകളിലൊന്നായ ചിലിയിലെ മാഗല്ലന്‍ ടെലിസ്‌കോപ്പിന്റെ സഹായവും തേടി.

ആകാശഗംഗയില്‍ ഇത്തരം നക്ഷത്രങ്ങള്‍ സുലഭമാണെങ്കിലും, അവയെ വേണ്ട രീതിയില്‍ മനസിലാക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. തിളക്കം കുറവായതിനാല്‍ അവയെ നിരീക്ഷിച്ച് പഠിക്കുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജ്യോതിശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് വെളിയില്‍ ഏതാണ്ട് 1800 അന്യഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ പലതിനും ഭൂമിയോട് സാദൃശ്യമുള്ളതാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :