മറഞ്ഞത് കേരളരാഷ്ട്രീയത്തിലെ കാര്‍ത്തിക നക്ഷത്രം

vishnu| Last Updated: ശനി, 7 മാര്‍ച്ച് 2015 (13:05 IST)
ആദര്‍ശരാഷ്‌ട്രീയത്തില്‍ കേരളത്തിന് സര്‍വ്വസമ്മതനായ നേതാവായിരുന്നു അന്തരിച്ച ജി കാര്‍ത്തികേയന്‍. കുലീനമായ പെരുമാറ്റവും നയപരമായ പ്രസംഗചാരുതയും ഉള്‍ക്കാഴ്ച തുളുമ്പുന്ന രാഷ്‌ട്രീയ നിക്കങ്ങളും നടത്തിയിരുന്ന കാര്‍ത്തികേയന്‍ വേറിട്ടതും ശക്തവുമായ നിലപാടുകളില്‍ ഊന്നിനിന്ന് രാഷ്‌ട്രീയ കേരളത്തില്‍ വ്യത്യസ്തത പാലിച്ചിരുന്നു. ഗ്രൂപ്പുകളും പടലപ്പിണക്കങ്ങളും കോണ്‍ഗ്രസില്‍ നടമാടിയപ്പോഴും എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നത് കാര്‍ത്തികേയനെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആദര്‍ശപരമായ കരുത്തുള്ള നേതൃത്വം നല്കുന്നതില്‍ കാര്‍ത്തികേയന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

1949 ജനുവരി 20ന് വര്‍ക്കലയില്‍ എന്‍പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മൂത്ത മകനായാണ് ജി കാര്‍ത്തികേയന്റെ ജനനം. സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദത്തിന് ശേഷം നിയമബിരുദം നേടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ ‌എസ്‌ യുവിലൂടെ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച കാര്‍ത്തികേയന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് കെ എസ്‌ യുവിന്റെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികള്‍ വഹിച്ചു. കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കേരള സര്‍വ്വകലാശാല സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ എത്തിയപ്പോഴും ബ്ലോക്ക് പ്രസിഡന്റില്‍ തുടങ്ങി സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി.

പിന്നീട് പ്രവര്‍ത്തന ശൈലിയിലെ ജനസ്വീകാര്യത കണക്കിലെടുത്ത് കെ പി സി സി ജനറല്‍ സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലെത്തിയ കാര്‍ത്തികേയന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ മുഖങ്ങളിലൊന്നായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ കാര്‍ത്തികേയന്റെ പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കാര്‍ത്തികേയന്റെ വിപുലമായ ജനസ്വാധീനവും ജനസ്വീകാര്യതയുമാണ് കോണ്‍ഗ്രസിന്റെ ശക്തിയായി അന്ന് വര്‍ത്തിച്ചത്. പാര്‍ട്ടിയില്‍ കാര്‍ത്തികേയന് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം സ്വാഭാവികമായി വന്നുചേര്‍ന്നതാണ്. ഗ്ര്യൂപ്പുകളുടെ ഭാഗമല്ലാതിരുന്നിട്ടൂം പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളെ എതിര്‍ത്തിരുന്ന തിരുത്തല്‍ ശക്തിയായി വര്‍ത്തിച്ചാണ് കാര്‍ത്തികേയന്‍ വ്യത്യസ്തനായത്.

ആറു തവണ എം എല്‍ എ ആയി. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ സി പി എമ്മിലെ കെ അനിരുദ്ധനെ 8,846 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് നിയമസഭയിലെ കന്നിയങ്കത്തില്‍ വിജയിക്കുന്നത്. 1987ല്‍ സി പി എമ്മിലെ എം വിജയകുമാറിനോട് തിരുവനന്തപുരം നോര്‍ത്തില്‍ പരാജയപ്പെട്ട കാര്‍ത്തികേയനെ 1991ല്‍ ആര്യനാട് മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടി തിളക്കത്തോടെ നിന്ന ആര്‍ എസ് പി നേതാവ് കെ പങ്കജാക്ഷനെതിരെ മല്‍സരിക്കാനായി കോണ്‍ഗ്രസ് രംഗത്തിറക്കി. വിജയം കാര്‍ത്തികേയനെ തുണച്ചു. 1996, 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആര്‍ എസ് പി മാറി മാറി സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കിലും ആര്യനാട്ടില്‍ കാര്‍ത്തികേയന്റെ ജൈത്രയാത്ര ആര്‍ക്കും തടയാനായില്ല. 2011ല്‍ മണ്ഡലം അരുവിക്കരയെന്നു പേരുമാറിയപ്പോഴും വിജയം കാര്‍ത്തികേയനൊപ്പം നിന്നു.

അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കേസില്‍ കരുണാകരന്‍ ആടിയുലഞ്ഞപ്പോള്‍ കരുണാകരനോടൊപ്പം പാറപോലെ ഉറച്ചു നിന്നയാളായിരുന്നു കാര്‍ത്തികേയന്‍. എന്നാല്‍ കരുണാകരന്റെ നയവ്യതിയാനങ്ങളെ തുറന്നെതിര്‍ക്കുന്ന രീതിയിലേക്ക് കാര്‍ത്തികേയന്‍ മാറി. കാര്‍ത്തികേയന്റെ രാഷ്‌ട്രീയഗ്രാഫില്‍ കറുത്ത പാടുകള്‍ ഒന്നും തന്നെയില്ല എന്നത് ആദര്‍ശത്തിന് അദ്ദേഹം എത്രമാത്രം വില കല്‍പ്പിച്ചിരുന്നു എന്നതിന് തെളിവാണ്. എന്നാല്‍ ചുരുക്കം ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്‍ത്തികേയന്‍ അഗ്നിശുദ്ധിവരുത്തി തിരികെയെത്തി. വൈദ്യുതിമന്ത്രിയായിരിക്കേ ലാവ്‌ലിന്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയാണ്‌ അഴിമതി കേസില്‍ കാര്‍ത്തികേയനിലേക്കും സംശയം നീണ്ടത്‌. എന്നാല്‍ സി ബി ഐ അന്വേഷണത്തില്‍ അഗ്നിശുദ്ധി നടത്തി അദ്ദേഹം പുറത്തുവന്നു.

സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഇടയില്‍ ജി കെ എന്നറിയപ്പെട്ട ജി കാര്‍ത്തികേയന്‍ രണ്ടു തവണ മന്ത്രിയായി. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന അദ്ദേഹം 2001ലെ ആന്റണി മന്ത്രിസഭയില്‍ ഭക്‌ഷ്യ - സിവില്‍ സപ്ളൈസ്, സാംസ്കാരികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്, പാര്‍ട്ടി ചീഫ് വിപ്പ്, നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. രണ്ടുതവണയും മന്ത്രിയായിരുന്നെങ്കിലും രണ്ടുതവണയും അഞ്ചുവര്‍ഷം തികച്ച് മന്ത്രിയായിരുന്നില്ല എന്ന വസ്തുതയുമുണ്ട്. ആദ്യതവണ പകുതി വഴിക്കാണ് മന്ത്രിയായതെങ്കില്‍ രണ്ടാംവട്ടം പകുതി വഴിക്ക് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണിക്കൊപ്പം കാര്‍ത്തികേയനും മാറിനിന്നു. 1991ല്‍ കെ കരുണാകരനുകീഴില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പുമായിരുന്നു. 1995 മുതല്‍ 2001 വരെയും 2006 മുതല്‍ 2011 വരെയും നിയമസഭയില്‍ പ്രതിപക്ഷനിരയിലെ രണ്ടാമനായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായതിന്റെ ഖ്യാതിയും ഇദ്ദേഹത്തിനു മാത്രം സ്വന്തം. മന്ത്രിയായിരിക്കെ ശാസ്തമംഗലം ശ്രീരംഗം ലൈനിലെ അഭയം എന്ന സ്വവസതി ഔദ്യോഗിക വസതിയായി ഉപയോഗിച്ച് വേറിട്ട നിലപാട് പുലര്‍ത്തിയ അദ്ദേഹം ഇത്തവണ സ്പീക്കറായ ശേഷം നിയമസഭാ വളപ്പിലെ നീതി എന്ന ഔദ്യോഗിക വസതിയിലായിരുന്നു താമസം. സ്‌പീക്കറായിരിക്കെ എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്കു മുറി അനുവദിക്കുന്നതില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയ അദ്ദേഹം നിയമസഭാംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു കൃത്യസമയത്തു മന്ത്രിമാര്‍ മറുപടി നല്‍കണമെന്നു നിഷ്കര്‍ഷ പുലര്‍ത്തി.

നിയമസഭയുടെ മുഖ്യ കവാടത്തിനു മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ ഷാമിയാന കെട്ടി സമരം നടത്തിയതിനെതിരെ റൂളിങ് നല്‍കി. ജനാധിപത്യം സമ്പൂര്‍ണമാകണമെങ്കില്‍ നിയമനിര്‍മാണ രംഗം സമ്പൂര്‍ണമാകണമെന്നും നിയമനിര്‍മാണ ചര്‍ച്ചകളില്‍ എം എല്‍ എമാര്‍ സജീവമാകണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു കാര്‍ത്തികേയന്‍. ലാപ് ടോപ്, ഐ പാഡ് തുടങ്ങിയവ സഭയില്‍ ഉപയോഗിക്കാമെന്ന ശ്രദ്ധേയമായ റൂളിങ്ങും കാര്‍ത്തികേയന്റേതാണ്.

2011ലാണ്‌ കാര്‍ത്തിയേകന്‍ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്‌. സംസ്‌ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ഗൗരവമേറിയ പല ആരോപണങ്ങളും അഴിമതി കേസുകളും സര്‍ക്കാരിനെ പിടിച്ചു കുലുക്കിയപ്പോഴും അതിന്റെ പേരില്‍ പ്രതിപക്ഷം കൊടുങ്കാറ്റായി സഭയില്‍ ആഞ്ഞടിച്ചപ്പോഴും മലപോലെ ഉറച്ചുനിന്ന്‌ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ കാര്‍ത്തിയേകനല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. സഭയില്‍ താക്കീത്‌ മറികടന്ന്‌ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായി പെരുമാറിയ അംഗങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ കാര്‍ത്തിയേകന്‌ ഒട്ടും മടിയുണ്ടായില്ല. എന്നാല്‍ സഭയ്‌ക്കു പുറത്തിറങ്ങിയാല്‍ കാര്‍ത്തിയേകന്‍ അവര്‍ക്കും അഭിപ്രായ വ്യത്യാസമില്ലാത്ത നേതാവായി.

അമേരിക്ക, ചൈന, യുഗോസ്ലാവ്യ, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, യു എ ഇ, സിംഗപ്പൂര്‍, കാനഡ, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളെല്ലാം കാര്‍ത്തികേയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രയ്‌ക്കൊപ്പം വായന, സംഗീതം, സിനിമ, ഫുട്‌ബോള്‍ എന്നിവയും ഇഷ്‌ടവിനോദങ്ങളാണ്. ആഴത്തിലുള്ള വായന കൈമുതലായ ചുരുക്കം രാഷ്‌ട്രീയക്കാരില്‍ ഒരാളായിരുന്നു കാര്‍ത്തികേയന്‍. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ കാര്‍ത്തികേയന്‍ സന്നദ്ധനായത് വാര്‍ത്തയായിരുന്നു. പ്രതിനിധാനം ചെയ്യുന്ന അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു കുറഞ്ഞതിനാലാണ് ഈ നീക്കമെന്നും മണ്ഡലത്തില്‍ സജീവമാകാനാണ് പുതിയ നീക്കമെന്നും മന്ത്രിസഭയില്‍ ഇടം നേടാനാണ് ശ്രമമെന്നും മറ്റും വിവിധ കോണുകളില്‍ നിന്ന് വിലയിരുത്തലുണ്ടായി.

എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ക്ക് വഴങ്ങി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായ ജി കെ സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നു. എന്നാല്‍ തന്റെ രോഗാവസ്ഥകളാണ് വിശ്രമമെടുക്കാന്‍ കാര്‍ത്തികേയനെ പ്രേരിപ്പിച്ചത്. യു എസിലെ മയോ ക്ളിനിക്കിലെ ചികില്‍സയ്ക്കു ശേഷം നാട്ടിലെത്തിയ കാര്‍ത്തികേയന്‍ പൊതുചടങ്ങുകളിലും മറ്റും പങ്കെടുത്തു വരുന്നതിനിടെയാണ് രോഗം വീണ്ടും കലശലായത്. അതേസമയം പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അശുഭകരമായി ഭവിക്കുമെന്നായിരുന്നു സംഖ്യാജ്യോതിഷികള്‍ പറഞ്ഞിരുന്നത്. ബാര്‍കോഴയിലെ പ്രതിപക്ഷ ബഹളമായിരിക്കും അശുഭമെന്നാണ് പലരും ധരിച്ചിരുന്നെങ്കിലും നാഥനെ നഷ്‌ടപ്പെടാനായിരുന്നു സഭയുടെ വിധി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :