കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യയ്‌ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Updated: വെള്ളി, 13 മാര്‍ച്ച് 2020 (10:46 IST)
പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർക്ക് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ നേരത്തെ ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായുള്ള പരിശോധന ഫലം പുറത്തുവന്നത്.

യു കെയിൽ നടന്ന ഒരു പരിപാടിയിൽ സോഫി പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇവർ കൊറോണലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയത്. അതേ സമയം ജസ്റ്റിൻ ട്രൂഡോയ്‌ക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.മുൻ കരുതൽ എന്ന നിലയിലാണ് ട്രൂഡോ വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഡോക്ടറുടെ നിർദേശപ്രകാരം ആരോഗ്യകാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ദൈനംദിന പ്രവർത്തനങ്ങൾ തടസമില്ലാതെ പോകുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൊറോണബാധയുടെ സംശയത്തിന്റെ നിഴലിലായതിനെ തുടർന്ന് അടുത്ത രണ്ടുദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.ഇതുവരെ കാനഡയിൽ 103ഓളം പേർക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :