സിരിസേന; വിതയ്ക്കാനും കൊയ്യാനുമറിയുന്ന ‘രാഷ്ട്രീയ കര്‍ഷകന്‍‘

കൊളംബൊ| vishnu| Last Modified വെള്ളി, 9 ജനുവരി 2015 (13:52 IST)
ശ്രീലങ്കയില്‍ പത്തുവര്‍ഷം അധികാരത്തിലിരുന്ന മഹീന്ദ രാജപക്സേയെ നാടകീയമായി അട്ടിമറിച്ച് മരതക ദ്വീപിന്റെ അധികാരത്തിലേറുന്ന മൈത്രിപാല തന്റെ അധികാര പ്രാപ്തിയിലേക്കുള്ള വഴികള്‍ ഒരുക്കിയത് അവിശ്വസനീയതയോടെയാണ് ലോകം ഉറ്റുനോക്കിയത്. അധികമാരും അറിയാത്ത ഒരു രണ്ടാംകിട മന്ത്രിയായി രാജപക്സെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സിരിസേന ശക്തമായ നേതൃത്വമോ, തന്ത്രങ്ങളൊ ഇല്ലാതെ വലഞ്ഞിരുന്ന് ശ്രീലങ്കയിലെ പ്രതിപക്ഷത്തെ അക്ഷരാര്‍ഥത്തില്‍ ഒരുമിപ്പിക്കുകയായിരുന്നു ചെയ്തത്.

അണിയറയില്‍ നിന്ന് ചരടുകള്‍ വലിച്ച് പെട്ടന്നൊരു സുപ്രഭാ‍തത്തില്‍ ഭരണപക്ഷത്തുനിന്നും എതിര്‍കൂടാരത്തിലേക്ക് ചേക്കേറിയ സിരിസേനയുടെ നീക്കങ്ങളും കണക്കുകൂട്ടലുകളും പിഴച്ചില്ല. 52 ശതമാനത്തിലേറെ വോട്ടുകള്‍ നേടി സിരിസേന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാമനായി. രാജപക്സെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവുഇം മടുത്താണ് താന്‍ എതിര്‍ ചേരിയിലെത്തിയതെന്ന് പറഞ്ഞ് സാധാരണക്കാരായ വോട്ടര്‍മാരില്‍ തരംഗമുണ്ടാക്കാനും സിരിസേനക്കായി. 1989 ലാണ് സിരിസേന ആദ്യമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ചന്ദ്രിക കുമാരതുംഗ മന്ത്രിസഭയില്‍ അംഗമായിരുന്നു.

2005 ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ രാജപക്‌സെ സര്‍ക്കാരില്‍ അദ്ദേഹം കൃഷിമന്ത്രി ആയിരുന്നു. 2010 ലെ തിരഞ്ഞെടുപ്പിലും വിജയിച്ച അദ്ദേഹം രണ്ടാം രാജപക്‌സെ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി. 2008 ഒക്ടോബര്‍ 9 ന് തമിഴ്പുലികള്‍ നടത്തിയ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടിരുന്നു. കൊളംബോയില്‍വച്ച് എല്‍ ടി ടി ഇയുടെ ചാവേര്‍ പോരാളികളാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയത്. 1951 സപ്തംബര്‍ മൂന്നിന് പൊലോണ്ണറുവയിലെ കര്‍ഷക കുടുംബത്തിലാണ് ജനനം. കര്‍ഷക കുടുംബത്തിലായിരുന്നു ജനനമെങ്കിലും കഴിവു തെളിയിച്ചത് രാഷ്ട്രീയ ഗോദയിലായിരുന്നു എന്നു മാത്രം.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 100 ദിവസത്തിനകം പ്രസിഡന്റിനുള്ള അമിത അധികാരങ്ങള്‍ വെട്ടിക്കുറച്ച് പാര്‍ലമെന്ററി ജനാധിപത്യം രാജ്യത്ത് കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം നല്‍കിയ വാഗ്ദാനം. വിവാദമായ 18-)ം
ഭരണഘടനാ ഭേദഗതി മരവിപ്പിക്കുമെന്നും സിരിസേന വാഗ്ദാനം ചെയ്തു. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുകയും രണ്ടുതവണ മാത്രമെ ഒരാള്‍ക്ക് പ്രസിഡന്റ് പദവിയിലിരിക്കാന്‍ കഴിയൂവെന്ന വ്യവസ്ഥ റദ്ദാക്കുന്നതും ആയിരുന്നു വിവാദ ഭരണഘടനാ ഭേദഗതി. വിവാദ ഭരണഘടനാ ഭേദഗതിയുടെ പിന്‍ബലത്തിലാണ് രാജപക്‌സെ മൂന്നാം തവണയും ജനവിധി തേടിയത്.

കൂടാതെ മുന്‍ പ്രധാന മന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗയെ പ്രധാന മന്ത്രിയാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞതും സിരിസേനയുടെ വിജയത്തിന് ആക്കം കൂടി. തമിഴ്വംശീയരുടെയും, മുസ്ലീം വിഭാഗങ്ങളുടെയും ഒട്ടൊക്കെ ബുദ്ധമത വിഭാഗങ്ങളുടെയും പിന്തുണ നേടിയെടുക്കുന്നതില്‍ വിജയിച്ചതൊടെ സമാനതകളില്ലാത്ത വിജയവുമായി സിരിസേന അധികാരത്തിലേക്ക് ചുവടുകള്‍ ഉറപ്പിക്കുകയായിരുന്നു. രാജ്യത്തെ രാജപക്സെ കുടുംബത്തിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അധികാര ദുര്‍വിനിയോഗവും, ഇഷ്ടക്കാരെയും ബന്ധുക്കളേയും അധികാരത്തിന്റെ ഇടനാഴികളില്‍ തിരുകി കയറ്റിയും രാജപക്സെ ശ്രീലങ്കയുടെ ഭരണം കുടുംബസ്വത്താക്കി മാറ്റിയിരുന്നു. ഇതിനെതിരേയുള്ള പൊതുജന രോഷം മനസിലാക്കാന്‍ രാജപക്സേയ്ക്കു കഴിഞ്ഞു. എന്നാല്‍ കൂട്ടത്തില്‍ നിന്ന് മറുകണ്ടം ചാടാന്‍ കൊതിച്ചിരുന്ന സിരിസേനയുടെ മനസു വായിക്കാന്‍ മാത്രം രാജപക്സെ മറന്നുപോയി. അതിനുള്ള വിലയാണ് രാജപക്സെ ഇപ്പോള്‍ ഒടുക്കിയിരിക്കുന്നത്. എതിര്‍പക്ഷത്ത് തന്നെ ജയിക്കാന്‍ പോന്ന ഒരൊറ്റ നേതാവുപോലും ഇല്ലെന്ന് മനസിലാക്കിയാണ് കാലാവധി തീരുന്നതിനു മുന്നേ രാജപക്സേ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇക്കാര്യം തന്റെ വിശ്വസ്ഥനായ ആരോഗ്യമന്ത്രി മൈത്രിപാല സിരിസേനയൊട് നവംബറില്‍ പറയുകയുണ്ടായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നവംബറില്‍ ഒരു അത്താഴ സദ്യയില്‍ വച്ചാണ് രാജപക്സെ തന്റെ വിശ്വസ്ഥനോട് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിശദീകരിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വളരാന്‍ തുടങ്ങുന്ന രാജപക്സേയെന്ന അപകടം തിരിച്ചറിഞ്ഞ സിരിസേന മറുതന്ത്രമൊരുക്കി രാജപക്സേയെ വെട്ടിലാക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിരിസേന പറഞ്ഞത് ‘’ രാജപക്സെ പറഞ്ഞത് അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ പോന്ന ആരുമില്ല എന്നാണ്. ഞാന്‍ അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തോറ്റ് അതിനേക്കുറിച്ച് മാപ്പ് ചോദിക്കുന്നതായിരിക്കും”.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :