സിറിയയില്‍ തീമഴ പെയ്യിക്കും, റഷ്യയുടെ പടപ്പുറപ്പാട് കണ്ട് അമേരിക്ക വിരണ്ടോടി

VISHNU N L| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2015 (14:55 IST)
പശ്ചിമേഷ്യയുടെ ദുരന്തമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റിനെ മുച്ചൂടും നശിപ്പിക്കാനൊരുങ്ങി റഷ്യയുടെ അറ്റകൈ പ്രയോഗം വരുന്നു. യുദ്ധവിമാനങ്ങളും മിസൈല്‍‍, റോക്കറ്റ് ആക്രമണങ്ങളും നടത്തി സിറിയന്‍ ആകാശത്തുകൂടി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് മേലെ തീമഴ പെയ്യിക്കാനാണ് റഷ്യയുടെ തീരുമാനം. ഐസിസിനെ കൂട്ടമായി സംഹരിച്ച് ഒടുക്കാനായി ഏറ്റവും മാരകമായ ആയുധങ്ങളുമായാണ് ഇവിടെയെത്തിയിരിക്കുന്നത്.

എട്ടോളം നഗരങ്ങളെ ഒറ്റയടിക്ക് ഭസ്മമാക്കാന്‍ ശേഷിയുള്ള ടിഒഎസ് 1എ എന്ന മൊബൈൽ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ആക്രമണത്തിനായി റഷ്യ സിറിയയിലെത്തിച്ചതായാണ് വിവരം. ടിഒഎസ് 1 എ സിസ്റ്റം എന്നാൽ 30 അല്ലെങ്കിൽ 24 ബാരൽ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചററും തെർമോബാരിക് വെപ്പണുകളും ഘടിപ്പിച്ച ഒരു ടി72 ടാങ്ക് ചേസിസാണ്. സിറിയയില്‍ തീമഴ പെയ്യിക്കാന്‍ ശേഷിയുള്ളതാണിത്.

ഈ സംവിധാനത്തിലെ തെർമോബാറിക് വാർഹെഡുകൾ ആണ് ഏറ്റവും അപകടകാരി. വാക്വം അല്ലെങ്കിൽ ഫ്യൂവൽ എയർ എക്‌സ്‌പ്ലോസീവുകൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് വലിയൊരു പ്രദേശത്ത് തീപിടിത്തമുണ്ടാക്കുന്ന ദ്രാവകം വ്യാപിപ്പിക്കാനും തുടർന്ന് അത് കത്തിച്ച് പ്രസ്തുത പ്രദേശത്തെ അപ്പാടെ നശിപ്പിക്കാനും സാധിക്കും. ഇതിന്റെ ഒറ്റപ്രയോഗത്തിലൂടെ നിരവധികെട്ടിടങ്ങള്‍, ബങ്കറുകൾ, ടണലുകൾ എന്നിവയെ നിശ്ശേഷം നശിപ്പിക്കാനാകും.

റഷ്യയുടെ കടുത്ത ആക്രമണങ്ങള്‍ക്ക് കരുത്തേകാന്‍ ഇറാനും, ഹിസ്ബുള്ള തീവ്രവാദികളും സിറിയയിലെത്തിയിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങൽലായി ഇറാൻ ആയിരക്കണക്കിന് സൈനികരെയാണ് സിറിയയിലേക്ക് അയച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ റഷ്യൻ ഫൈറ്റർ ജെറ്റുകൾ സിറിയയിലെ 40 ഐസിസ് കേന്ദ്രങ്ങളെ നശിപ്പിച്ചുവെന്ന് റഷ്യ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യ നടത്തിയത് 88 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആക്രമണമാണ്. ഇക്കൂട്ടത്തില്‍ വിമതരുടെ കേന്ദ്രങ്ങളും ഉള്‍പ്പെടും.

ഏതായാലും സിറിയയില്‍ റഷ്യ നടത്തുന്ന രണ്ടും കല്‍പ്പിച്ചുള്ള ഇടപെടലില്‍ ഭയന്നിരിക്കുകയാണ്. തുടക്കം മുതല്‍ ഇടപെടല്‍ നടത്തി വന്നിരുന്ന മഏരിക്ക ഇപ്പോള്‍ ചിത്രത്തിലേ ഇല്ല. ഈയിടെ തങ്ങളുടെ ജെറ്റുകളും റഷ്യയുടെ ജെറ്റുകളും എയർ റെയ്ഡിനിടെ നേർക്കുനേർ വന്നതിനെത്തുടർന്നാണ് അമേരിക്ക ആകാശത്ത് തിരിച്ചടി പേടിച്ച് റഷ്യയ്ക്ക് വഴിമാറിക്കൊടുക്കാൻ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ഏതായാലും ഈ പോരാട്ടത്തിലൂടെ മേഖലയിലെ സഖ്യങ്ങൾക്കും സമവാക്യങ്ങൾക്കും മാറ്റിയെഴുതലുകളുണ്ടാകാനുള്ള സാധ്യതയുമേറെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :