ഇന്ത്യയുമായി വിപുലമായ വ്യാപാരകരാർ ഇപ്പോളില്ല, പിന്നീടെന്ന് ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (15:06 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ രീതിയിലുള്ള വ്യാപാരക്കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഉണ്ടാകും എന്നാൽ വലിയ കരാർ മറ്റൊരു അവസരത്തിനായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് ട്രംപ് അറിയിച്ചത്.

മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ചായിരുന്നു ട്രംപ് ഇന്ത്യ സന്ദർശനത്തെ പറ്റി വ്യക്തമാക്കിയത്.അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്, ഒരുപക്ഷെ തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ ഇന്ത്യ സന്ദർശസമയത്ത് ഇരുരാജ്യങ്ങളും തമ്മിൽ വിപുലമായ വ്യാപാരകരാർ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കരാറിന്റെ ഭാഗമായി കൂടുതൽ നിർദേശങ്ങൾ മുന്നോട്ട് വെച്ചതും ഇന്ത്യയുടെ നിർദേശങ്ങൾ പലതും അമേരിക്ക അംഗീകരിക്കാത്തതുമാണ് കരാർ വൈകിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 24,25 തിയ്യതികളിലാണ് ട്രംപിന്റെ ഇന്ത്യ സന്ദർശനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :